പാരീസ്: ഗസ്സയിലെ ആശുപത്രിക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ആശുപത്രികളും സിവിലിയൻമാരെയും ആക്രമിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
”ആശുപത്രി ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സിവിലിയൻസിനെ ലക്ഷ്യംവെക്കുന്നതിനും ന്യായീകരണമില്ല. ഗസ്സയിലെ അല്‍-അഹ്‌ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ ഫ്രാൻസ് അപലപിക്കുന്നു. ഞങ്ങള്‍ ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പമാണ്”-മാക്രോണ്‍ എക്‌സില്‍ കുറിച്ചു.
ഇന്നലെയാണ് അല്‍-അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 500ല്‍ കൂടുതല്‍ ആളുകളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോര്‍ദാൻ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു. ഗാസ്സക്കെതിരെ ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലെത്തി.ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ബൈഡൻ ഉടൻ ചര്‍ച്ച നടത്തും. അതേ സമയം അറബ് നേതാക്കള്‍ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.
ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ സൈന്യമല്ലെന്നായിരുന്നു പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഗസ്സയിലെ തീവ്രവാദികള്‍ തന്നെയാണ് അതിന് പിന്നിലെന്നും തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവര്‍ ഇപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നും നെതന്യാഹു എക്സില്‍ കുറിച്ചു.

