ഹൈദരാബാദ്: തെലങ്കാന എംഎല്‍എ ടി രാജ സിങ്ങിന്റെ സസ്പെന്‍ഷന്‍ ബിജെപി പിന്‍വലിച്ചു. ഞാറാഴ്ചയാണ് ബിജെപിയുടെ അച്ചടക്ക സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. 2022 ഓഗസ്റ്റില്‍ വൻ വിവാദമായ മുഹമ്മദ് നബിക്കെതിരെ നടന്ന പരാമര്‍ശങ്ങളോടനുബന്ധിച്ചാണ് രാജ സിങ്ങ് അറസ്റ്റിലായത്. തുടര്‍ന്നാണ് പാര്‍ട്ടി രാജാ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തത്.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് സിംഗിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക നേരത്തെ ബിജെപി പുറത്തുവിട്ടിരുന്നു. ടി രാജാ സിംഗ് ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് നന്ദി അറിയിച്ച് രാജാ സിംഗ് രംഗത്തെത്തി.
‘ഗോഷാമഹല്‍ അസംബ്ലി മണ്ഡലം ഹൈദരാബാദ് പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലാണ് വരുന്നത്. രാജ്യവിരുദ്ധനായ അസദുദ്ദീന്‍ ഒവൈസിയാണ് അവിടുത്തെ എംപി’ തെലങ്കാന തിരഞ്ഞെടുപ്പില്‍ ഗോഷാമഹലില്‍ മത്സരിക്കുമ്പോള്‍ രാജാ സിംഗ് പറഞ്ഞിരുന്നു.
‘ഞാന്‍ ഇവിടെ നിന്നുള്ള എംഎല്‍എയാണ്, അദ്ദേഹത്തിന്റെ ഒരാളെ തോല്‍പ്പിച്ചാണ് ഞാന്‍ എംഎല്‍എ ആയത്. അസദുദ്ദീന്‍ ഒവൈസി മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് വില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അസദുദ്ദീന്‍ ബിആര്‍എസിന് വോട്ട് വില്‍ക്കുന്നു. അയാള്‍ ഒരു ബിസിനസുകാരനാണ്. വരും കാലങ്ങളില്‍ ഗോഷാമഹലില്‍ നിന്ന് ഞാന്‍ വിജയിച്ചുകൊണ്ടേയിരിക്കും, ദേശവിരുദ്ധര്‍ക്ക് ശക്തമായ മറുപടി നല്‍കും’ രാജാ സിംഗ് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി ടി രാജ സിങ്ങിന്റെ വിശദീകരണം പരിഗണിച്ച ശേഷം ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന ശക്തമായ വീക്ഷണങ്ങള്‍ക്ക് പേരുകേട്ടയാളാണ് രാജാ സിംഗ്. വര്‍ഗീയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിരവധി പോലീസ് കേസുകള്‍ ഇയാള്‍ നേരിടുന്നുണ്ട്.
തെലങ്കാനയില്‍ നവംബര്‍ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലം പ്രഖ്യാപിക്കുക.

