കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

എറണാകുളം : കളമശ്ശേരി വിഷയം കേന്ദ്രമന്ത്രിക്കെതിരെ കേസ്വിദ്വേഷ പ്രചാരണത്തിനാണ് കേസെടുത്തത്. സൈബര്‍ സെല്‍ എസ് ഐയുടെ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേന്ദ്രമന്ത്രിക്കെതിരായ എഫ്‌ഐആര്‍. രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുള്ള പ്രതികരണമാണ് കേസിനാധാരം.

ഐപിസി 153, 153 എ(ജാമ്യമില്ലാ വകുപ്പ്) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കെപിസിസിയില്‍ നിന്നുള്‍പ്പെടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി ഇതുവരെ ഇത്തരം 18ലധികം കേസുകൾ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം.

കളമശ്ശേരി സ്‌ഫോടനത്തില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. കൊടുംവിഷമെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വിഷാംശമുള്ളവർ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. ഈ മന്ത്രിയുടെ ചുവടുപിടിച്ച് കൂടെയിരിക്കുന്നവരും പ്രസ്താവനകൾ കൊടുത്തിട്ടുണ്ട്. പക്ഷേ, ഇദ്ദേഹം ഒരു മന്ത്രിയാണ്. ആ സ്ഥാനത്തിരിക്കുന്ന ഒരാൾ അന്വേഷണ ഏജൻസികളോട് സാധാരണ ഗതിയിലുള്ള ആദരവെങ്കിലും കാണിക്കണം. പ്രത്യേകമായ ചിലരെ ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രചാരണ രീതികളാണ് ഈ വിഭാഗം സ്വീകരിക്കുന്നത്. അത് അവരുടെ വർഗീയ നിലപാടിന്റെ ഭാഗമാണ്. വർഗീയ നീക്കങ്ങളുടെ ഭാഗമായി ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

പിന്നാലെ അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വർഗീയവാദിയാക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ തിരിച്ചടിച്ചു. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ല. തന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു. തൻ്റെ രാഷ്ട്രീയ ആരോപണംമുഖ്യമന്ത്രിയുടെ നയങ്ങൾക്കെതിരെയാണ് . രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോ​ഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. 

വർഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് പരാമർശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷവും കോൺഗ്രസും ഇതിന് കൂട്ടുനിന്നു. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂർ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായെന്ന് മന്ത്രി പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. മുൻവിധിയോടെ ഞങ്ങൾ കാര്യങ്ങളെ സമീപിച്ചിട്ടില്ല. ഹമാസ് നടക്കുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ എന്ന് പറയുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.