ഡൊമിനിക്ക് മാർട്ടിന് മാനസിക പ്രശ്നമില്ല;സ്വബോധത്തോടെയാണ് കൃത്യം ചെയ്തതെന്നും പോലീസ് .

എറണാകുളം :കളമശ്ശേരി ബോംബ് കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന് മാനസിക- ശാരീരിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് പൊലീസ് നീക്കം. ഇനി കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇത് കൂടി പരിഗണിച്ചുള്ള ചോദ്യം ചെയ്യല്‍ രീതി പരീക്ഷിക്കാനാണ് സാധ്യത.അതേസമയം, പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതി ആരുമായൊക്കെ ബന്ധം പുലര്‍ത്തിയെന്ന് പരിശോധിക്കും. സ്‌ഫോടനം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഈ ഫോണില്‍ സ്‌ഫോടനത്തിന്റെ ആസൂത്രണം മുതലുള്ള തെളിവുകളുണ്ടെന്നാണ് വിവരം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ നേരത്തെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി അടക്കം പരിശോധിക്കും.അതേസമയം പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് അധികം വൈകാതെ നടത്തും. ഇതിനായി അപേക്ഷ പൊലീസ് ഉടന്‍ നല്‍കും.  സാക്ഷികളെയടക്കം തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കുകയാണ് അന്വേഷണ സംഘം. ഇതുമായി എറണാകുളം ചീഫ്  ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനാണ് നീക്കം. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് നീക്കംനേരത്തെ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അക്ബര്‍ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്ഫോടനത്തിനായി ഐഇഡി നിർമിച്ചതിന്റെ അവശിഷ്‌ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെട്രോൾ സൂക്ഷിച്ച കുപ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 2 പേരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഒരാളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 16 പേരാണു വിവിധ ആശുപത്രികളിലായി ഐസിയുവില്‍ ചികിത്സയിലുള്ളത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഐസിയുവിലായിരുന്ന പതിനാലുകാരിയെ നില മെച്ചപ്പെട്ടതോടെ വാര്‍ഡിലേക്കു മാറ്റി ഡൊമിനിക് മാർട്ടിനെ 29 വരെയാണ് റിമാൻഡ് ചെയ്തത്.കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ കോടതി റിമാൻഡിൽ വിട്ടത്. കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ അറിയിച്ചു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.