തട്ടിക്കൊണ്ടു പോയ കുട്ടിയെ തിരിച്ചു കിട്ടി;കൊല്ലത്തുനിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം : കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കണ്ടെത്തി.18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമാണ് ഇതോടെ വിരാമാകുന്നത്. കൊല്ലം ആശ്രമം മൈതാനത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് കുട്ടിയെ കിട്ടിയത്.. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കേരളക്കരയാകെ ഒന്നടങ്കമാണ് കുട്ടിക്കായി തിരച്ചിൽ നടത്തിയത്. കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും.  20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. 

ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭിഗേല്‍ സാറ റെജി എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ നാല് പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിലൊരാള്‍ സ്ത്രീയാണ്. അഭിഗേലിനെ കാറിലേക്ക് വലിച്ചിഴച്ചതോടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചു. കാറില്‍ തൂങ്ങിക്കിടന്ന മൂത്തകുട്ടി പിന്നീട് റോഡിലേക്ക് വീണു. ഇത് കണ്ട ഒരു സ്ത്രീ കുട്ടിയുടെ അടുത്തെത്തി വിവരം ചോദിച്ചപ്പോഴാണ് അഭിഗേലിനെ തട്ടിക്കൊണ്ടുപോയന്ന വിവരം അറിയുന്നത്. 

ഒരു കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു.  45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്ന് നേരത്തെ ​ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ​ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

നേരത്തെ കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോളെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് കോള്‍ വന്നത്. ഫോൺകോൾ ഒരു വ്യാപാരിയുടെ മൊബൈലില്‍ നിന്നായിരുന്നു. സംഭവസമയം മുതൽ കുട്ടിക്കായി പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.