ഇംഫാല്‍: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായി ആയുധം താഴെവച്ച് കീഴടങ്ങി മെയ്‌തേയ് വിമതര്‍ . മണിപ്പൂരിലെ പ്രധാന സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടാണ് സര്‍ക്കാരുമായി സമാധാന കരാര്‍ ഒപ്പുവച്ചത് . കരാറില്‍ ഒപ്പുവച്ചശേഷം സംഘടനയിലെ അംഗങ്ങള്‍ തങ്ങളുടെ ആയുധങ്ങള്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇതിന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.സായുധ സംഘം അക്രമം ഉപേക്ഷിച്ച് സമാധാന കരാറില്‍ ഒപ്പിട്ടത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് അമിത് ഷാ എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോക്കൊപ്പം കുറിച്ചു. വടക്കുകിഴക്കൻ മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ . നടപടി ചരിത്രത്തില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തതായും അദ്ദേഹം പറഞ്ഞു. ‘മണിപ്പൂരിലെ താഴ്വര ആസ്ഥാനമായുള്ള ഏറ്റവും പഴയ സായുധ സംഘമായ യുഎന്‍എല്‍എഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരാന്‍ സമ്മതിച്ചു. ജനാധിപത്യ പ്രക്രിയകളിലേക്ക് ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു, സമാധാനത്തിന്‍റെയും പുരോഗതിയുടെയും പാതയിലൂടെയുള്ള അവരുടെ യാത്രയില്‍ എല്ലാ ആശംസകളും നേരുന്നു.’- അമിത് ഷാ എക്‌സില്‍ കുറിച്ചു.
മെയ് 3 ന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു നിരോധിത സംഘടന സര്‍ക്കാരുമായി സമാധാന കരാര്‍ ഒപ്പിടുന്നത്. യുഎപിഎ നിയമപ്രകാരം സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കുകൂടി നീട്ടിയതിന് പിന്നാലെയാണ് ഇവര്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായത്.
നവംബര്‍ 13 ന് ആണ് യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ട് ഉള്‍പ്പെടെ ഒൻപത് മെയ്‌തേയി സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും സുരക്ഷാസേനയ്‌ക്കെതിരെ ആക്രമണം നടത്തിയതും കണക്കിലെടുത്ത് യുഎപിഎ നിയമത്തിന്‍റെ കീഴില്‍ അഞ്ച് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത് .ഈ സംഘടനകള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നതായും നിരോധന ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇതിന്‍റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ടും, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും ഇതിന്‍റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയും, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാകും ഇവരുടെ സായുധ വിഭാഗമായ റെഡ് ആര്‍മിയും, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ സായുധ വിഭാഗമായ റെഡ് ആര്‍മിയും, കംഗ്ലേയ് യോള്‍ കന്‍ബ ലുപ്, കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്, അവരുടെ മുന്നണി സംഘടനകള്‍ എന്നിവയുമാണ് നിരോധിക്കപ്പെട്ടവ.

