താമര പടയോട്ടത്തിൽ ഹിന്ദി ഹൃദയഭൂമി ; തെലുങ്കാനയിൽ ശക്തനെ കട പുഴകി കോൺഗ്രസ്.

ന്യൂഡൽഹി:മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.വിജയാഘോഷത്തില്‍ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.പാര്‍ട്ടി ആസ്ഥാനങ്ങളില്‍ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി ജയം നേടാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായത്.

രണ്ട് പതിറ്റാണ്ടായി അധികാരം കൈയാളുന്ന മധ്യപ്രദേശിലെ ജയമാണ് ബിജെപിക്ക് ഏറ്റവും മധുരിക്കുന്നത്. പ്രചരണത്തില്‍ ശക്തമായി രംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിനെ ജനവിധിയില്‍ ബഹുദൂരം പിന്നിലാക്കാൻ ശിവരാജ് സിംഗ് ചൗഹാനും സംഘത്തിനും കഴിഞ്ഞു.

ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച്‌ ആത്മവിശ്വാസത്തോടെ മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡിലെ തോല്‍വി കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി. തമ്മിലടിയും സംഘടനാ ദൗര്‍ബല്യങ്ങളും ഉലച്ച കോണ്‍ഗ്രസിന് മധ്യപ്രദേശിലും രാജസ്ഥാനിലും ലക്ഷ്യം കണ്ട സീറ്റുകളുടെ അടുത്തൊന്നും എത്താനായില്ല. ജാതി കാര്‍ഡും കോണ്‍ഗ്രസിനെ തുണച്ചില്ല. പിന്നാക്ക ഗോത്രവര്‍ഗ മേഖലകള്‍ പാര്‍ട്ടിയെ കൈവിട്ടു. എവിടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയി നടന്ന തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സംസ്ഥാനത്തെ വിജയങ്ങള്‍ ലോക്സഭയിലും തുടര്‍ന്നാല്‍ മൂന്നാം തവണയും രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിക്ക് നിഷ്പ്രയാസം നടന്നുകയറാൻ കഴിയും.തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച്‌ കെ ചന്ദ്രശേഖര റാവു. തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരുമെന്നും കെസിആര്‍ വ്യക്തമാക്കി.തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ സങ്കടമില്ലെന്നും എന്നാല്‍ പ്രതീക്ഷിച്ച നിലയില്‍ ഉയരാനാവാത്തതില്‍ നിരാശയുണ്ടെന്നും തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് പാര്‍ട്ടിക്ക് അവസരം നല്‍കിയതിന് തെലങ്കാനയിലെ ജനങ്ങള്‍ക്ക് കെടിആര്‍ നന്ദി അറിയിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ ഒരു പാഠമായി എടുക്കുകയും തിരിച്ചുവരുകയും ചെയ്യുമെന്നും കെ ടി രാമറാവു കുറിച്ചു.

ജനവിധി നേടിയ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍. കോണ്‍ഗ്രസിന് ആശംസകള്‍ നേരുന്നുവെന്നും കെ ടി രാമറാവു കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ സിപിഎമ്മിനും സിപിഐയ്ക്കും നിരാശ.സിപിഎമ്മിന് രാജസ്ഥാനില്‍ കൈയിലുണ്ടായിരുന്ന രണ്ട് സീറ്റും നഷ്ടമായി. തെലങ്കാനയില്‍ സിപിഐയ്ക്ക് ഒരു സീറ്റ് കോണ്‍ഗ്രസ് പിന്തുണയോടെ ലഭിച്ചത് മാത്രമാണ് ഇടതുപാര്‍ട്ടികള്‍ക്കുണ്ടായ ‘നേട്ടം’.

തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച ഏക സീറ്റിലാണ് സിപിഐ വിജയമുറപ്പിച്ചത്. കൊത്തഗുഡെം മണ്ഡലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കുന്നമേനി സാംബശിവ റാവു 23,224 വോട്ടിന് മുന്നിലാണ്. 2009ല്‍ അവിഭക്ത ആന്ധ്രാപ്രദേശായിരുന്നപ്പോഴും കൊത്തഗുഡെം മണ്ഡലത്തില്‍നിന്ന് സാമ്ബശിവ റാവു വിജയിച്ചിരുന്നു. ഛത്തീസ്‌ഗഡിലെ കോണ്ട മണ്ഡലത്തില്‍ സിപിഐയുടെ മനിഷ് കുഞ്ചം പൊരുതിനിന്നെങ്കിലും അവസാന റൗണ്ടില്‍ പരാജയപ്പെടുകയായിരുന്നു. കടുത്ത മത്സരമാണ് മനിഷ് കുഞ്ചവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കവാസി ലാഖ്മയും തമ്മില്‍ നടന്നത്. ഒരവസരത്തില്‍ ഇരുവരും തമ്മിലുള്ള ലീഡിന്റെ വ്യത്യാസം വെറും രണ്ട് വോട്ട് മാത്രമായിരുന്നു. പിന്നീട് മനീഷ് കുഞ്ചം ഏറെനേരം ഒന്നാമതായി ലീഡ് ചെയ്‌തെങ്കിലും അവസാന റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തേക്ക് എത്തുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഛത്തീസ്‌ഗഡില്‍ സിപിഐ 16 സീറ്റിലാണ് മത്സരിച്ചത്.