ന്യൂഡല്‍ഹി: ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താല്‍ക്കാലികമായി സര്‍ക്കാറിന് ഏറ്റെടുക്കാൻ അനുവദിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളടങ്ങിയ പുതിയ ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി.കഴിഞ്ഞ ദിവസം ലോക്‌സഭ അംഗീകാരം നല്‍കിയ ബില്‍, ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭയിലും പാസായി. ലേലം നടത്താതെ സാറ്റലൈറ്റ് സ്‌പെക്‌ട്രം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുണ്ട്. സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസ്സപ്പെടുത്തുന്നതിനും സര്‍ക്കാറിന് അധികാരം നല്‍കുന്നതായി വ്യവസ്ഥയുണ്ട്.
പൊതുജന താല്‍പര്യാര്‍ഥമോ കുറ്റകൃത്യത്തിനുള്ള പ്രേരണ തടയുന്നതിനോ ആണ് ഇത്തരം നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടയില്ല. കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള പുതിയ ഇന്ത്യയുടെ ആഗ്രഹംകണക്കിലെടുത്താണ് ടെലികമ്യൂണിക്കേഷൻ ബില്‍ കൊണ്ടുവന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അഴിമതി കാരണം നശിച്ച ടെലികോം മേഖല കഴിഞ്ഞ ഒമ്ബതര വര്‍ഷത്തിനിടയില്‍ ഉയിര്‍ത്തെഴുന്നേറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2014ല്‍ ടെലികോം ടവറുകളുടെ എണ്ണം ആറ് ലക്ഷമായിരുന്നത് നിലവില്‍ 25 ലക്ഷമായി. ഇന്റര്‍നെറ്റ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 1.5 കോടിയില്‍നിന്ന് 85 കോടിയായി വര്‍ധിച്ചെന്നും മന്ത്രി പറഞ്ഞു. സിം സ്വന്തമാക്കാൻ ആള്‍മാറാട്ടം നടത്തി വ്യാജ രേഖകള്‍ നല്‍കിയാല്‍ മൂന്നുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് ബില്ലിലെ പ്രധാന കാര്യമെന്നും അദ്ദേഹം പറഞ്ഞു.നിരവധി സിം കാര്‍ഡുകള്‍ സ്ഥാപിക്കാൻ കഴിയുന്ന സിം ബോക്‌സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കും സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് മറ്റൊരാളുടെ ഫോണ്‍ നമ്ബര്‍ വഴി കബളിപ്പിക്കുന്നവര്‍ക്കും സമാനമായ പിഴ ചുമത്തും. ലൈസൻസ് നല്‍കുന്നത് ലളിതമാക്കും. പുതിയ ബില്‍ പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയര്‍ലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്‌സ് നിയമം എന്നിവ പിൻവലിക്കും.
ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങള്‍ അയച്ചാല്‍ ടെലികോം കമ്ബനിക്ക് പിഴ മുതല്‍ സേവനം നല്‍കുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോതവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ. ടെലികോം സേവനം വിലക്കുന്നതിലേക്ക് വരെ നയിക്കാം. ടെലികോം കോളുകളും, മെസേജുകളുമാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്. ഇന്റര്‍നെറ്റ് കോളും മെസേജും ഈ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
അനുവദനീയമായ എണ്ണത്തിലുമധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ പിഴ ഈടാക്കാം. ചട്ടമനുസരിച്ച് 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീര്‍, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 ആണ്. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണിത്. ഒരാളെ ചതിയില്‍പ്പെടുത്തി അയാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം കാര്‍ഡ് എടുത്താല്‍ 3 വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കാമെന്നുംബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങള്‍ (മെസേജ്, കോള്‍) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകള്‍ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റര്‍സെപ്റ്റ്) വിലക്കാനും സര്‍ക്കാരിന് കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാം. യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളില്‍ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാം.
സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യപ്രവര്‍ത്തകരുടെ വാര്‍ത്താപരമായ സന്ദേശങ്ങള്‍ ‘ഇന്റര്‍സെപ്റ്റ്’ ചെയ്യാൻപാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതും പൂര്‍ണമല്ല, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഇവരുടെയും സന്ദേശങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയുമെന്നും ബില്ലില്‍ പറയുന്നു. ഒരു സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുകയോ ടെലികോം ലൈനുകള്‍ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്ബനികള്‍ക്ക് സര്‍ക്കാര്‍ വഴി അനുമതി ലഭിക്കും.

