ന്യൂഡല്‍ഹി: പ്രസ് രജിസ്ട്രാര്‍ ജനറല്‍ അയയ‌്‌ക്കുന്ന ഉദ്യോഗസ്ഥന് പത്രസ്ഥാപനത്തില്‍ കയറി രേഖകള്‍ പരിശോധിക്കാൻ അധികാരം. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കല്‍സ് ബില്‍ ലോക്‌സഭ ഇന്നലെ പാസാക്കിയതോടെയാണിത്. രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ഇതോടെ വഴിതുറക്കുകയാണ്.
ഇതിനൊപ്പം മൂന്ന് ക്രിമിനല്‍ നിയമ ബില്ലുകള്‍ രാജ്യസഭയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തിന് മൂന്നംഗസമിതിയുടെ ഘടന വ്യക്തമാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ശബ‌്‌ദവോട്ടോടെയാണ് പാസാക്കിയത്.ഇതിനു പിന്നാലെ ശൈത്യകാല സമ്മേളനം നിശ്ചയിച്ചതിന് ഒരു ദിവസം മുമ്ബേ പിരിഞ്ഞു.
പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും സര്‍ക്കുലേഷനുമായി ബന്ധപ്പെട്ട കണക്കു പരിശോധിക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. ഒരു ഗസറ്റഡ് ഓഫീസറാവും പരിശോധകൻ. എന്നാല്‍ ഏത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നെന്ന് പറയുന്നില്ല. സ്ഥാപനത്തില്‍ ഏതു സമയത്തും കടക്കാം. പത്ര ഉടമയെ ചോദ്യം ചെയ്യാം. പ്രധാന രേഖകള്‍ പരിശോധിക്കാം. ഭീകരബന്ധമുള്ളവര്‍ക്ക് പത്രമാദ്ധ്യമങ്ങള്‍ നടത്താനാകില്ല. വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ എഡിഷൻ തുടങ്ങാം.

