ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി.മൂന്ന് ബോട്ടുകൾ മുക്കി .

ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി. ചരക്കുകപ്പലിനു നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കൻ സൈനിക ഹെലികോപ്റ്ററുകൾ മൂന്നു ബോട്ടുകൾ മുക്കി. ബോട്ടിൽ ഉണ്ടായിരുന്ന 10 ഹൂതിസായുധരെ വധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് അതിശക്തമായ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സിംഗപ്പൂർ പതാകവഹിച്ച കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രാവെലി എന്നീ യുദ്ധക്കപ്പലുകളിൽനിന്ന് ഹെലികോപ്റ്റുകൾ മേഖലയിൽ എത്തി ഹൂതികൾക്കു നേരെ ശക്തമായ ആക്രമണം നടത്തുകയായിരുന്നു.  ഡെൻമാർക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെ ശനിയാഴ്ചയാണ് ആദ്യം മിസൈലാക്രമണം ഉണ്ടായത്. തുടർന്നാണ് 2 യുഎസ് യുദ്ധക്കപ്പലുകൾ സഹായത്തിനെത്തിയത്. ഹൂതികൾ അയച്ച 2 മിസൈലുകൾ വെടിവച്ചിട്ടതായും യുഎസ് അവകാശപ്പെട്ടു. മിസൈലാക്രമണം നടന്നു മണിക്കൂറുകൾക്കുശേഷം ഇതേ കപ്പലിനെ ഹൂതികളുടെ 4 സായുധ ബോട്ടുകൾ വളഞ്ഞു. സഹായത്തിനെത്തിയ യുഎസ് സൈനിക ഹെലികോപ്റ്ററുകൾക്കു നേരെ ഹൂതികൾ വെടിയുതിർത്തു. തുടർന്നു നടത്തിയ പ്രത്യാക്രമണത്തിൽ 3 ബോട്ടുകൾ മുക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ബോട്ടുകളിലുണ്ടായിരുന്ന ഹൂതികളും കൊല്ലപ്പെട്ടതായാണ് വിവരം.മുന്നറിയിപ്പ് കോളുകൾ ശ്രദ്ധിക്കാൻ കപ്പൽ ജീവനക്കാർ വിസമ്മതിച്ചതിനാലാണ് സംഘം ആക്രമണം നടത്തിയതെന്ന് ഹൂതികളുടെ വക്താവ് പറഞ്ഞു. യെമനിലെ ഹൂത്തികൾ നവംബർ മുതൽ ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമിട്ട് ഹമാസിന് പിന്തുണ അറിയിച്ച് രംഗത്തുണ്ട്. ചെങ്കടലിലെ ഹൂതികളുടെ ആക്രമണം തടയാൻ ഇറാൻ സഹായിക്കണമെന്ന് താൻ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാനോട് പറഞ്ഞതായി ഞായറാഴ്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പറഞ്ഞിരുന്നു.