മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു.


മുംബൈ: മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ്‌ വിട്ട് ഏകനാഥ് ഷിൻഡെപക്ഷ ശിവസേനയില്‍ ചേര്‍ന്നു. ഞായറാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് ശിവസേനയില്‍ ചേര്‍ന്നത്.മിലിന്ദിന്റെ പിന്നില്‍ ബി.ജെ.പിയാണെന്നും മണിപ്പൂരില്‍നിന്നും രാഹുല്‍ ഗാന്ധി ആരംഭിക്കുന്ന ‘ജോഡോ ന്യായ് യാത്രയില്‍’നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്‌ പ്രതികരിച്ചു. മണ്ഡലം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യണമെന്ന് മിലിന്ദ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ദേവ്റ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോയി. വളരെ ദൈർഘ്യമേറിയതും നിരർഥകവുമായ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹം പഴയ പാർട്ടി വിട്ടതെന്ന് ഡിയോറയോട് അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുൻ ലോക്‌സഭാ എംപി മുംബൈ സൗത്തിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. തന്റെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ X ൽ  പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി: “ശ്രീ സിദ്ധിവിനായക ക്ഷേത്രം, ശ്രീ ഗണപതി ക്ഷേത്രം സന്ദർശിച്ച് ഞാൻ എന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ആരംഭിച്ചു. ബാപ്പയുടെ അനുഗ്രഹത്താൽ എനിക്ക് ഒരു പുതിയ പ്രതീക്ഷ ലഭിച്ചു. പുതിയ അവബോധം ഞങ്ങളെ ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. മുംബൈയ്ക്കും രാജ്യത്തിനും വേണ്ടി.”

2004 മുതല്‍ മിലിന്ദ് മത്സരിക്കുന്ന സൗത്ത് മുംബൈ ലോക്സഭ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഉദ്ധവ് പക്ഷ ശിവസേനക്ക് വിട്ടുകൊടുക്കേണ്ട സാഹചര്യത്തിലാണ് കൂറുമാറ്റം.
2004ലും 2009ലും മണ്ഡലത്തില്‍ വിജയിച്ചപ്പോഴാണ് മിലിന്ദ് മന്ത്രിയായത്. 2014ലും 2019 ലും ഉദ്ധവ്പക്ഷ ശിവസേനയിലെ അരവിന്ദ് സാവന്തിനോട് മിലിന്ദ് തോല്‍ക്കുകയായിരുന്നു.

ഇൻഡ്യ സഖ്യത്തില്‍ മണ്ഡലത്തിനായി ഉദ്ധവ് പക്ഷം അവകാശവാദമുന്നയിച്ചിട്ടുണ്ട്. സീറ്റ് വിട്ടുനല്‍കില്ലെന്ന് ഉദ്ധവ്പക്ഷ ശിവസേന നേതാവ് സഞ്ജയ്‌ റാവുത്ത് വ്യക്തമാക്കി.

മിലിന്ദിനൊപ്പം 10 കോര്‍പറേറ്റര്‍മാര്‍ അടക്കം നിരവധിപേര്‍ ഷിൻഡെ പക്ഷ ശിവ സേനയിലേക്ക് പോയേക്കും. വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും.