ദർശന പുണ്യമായ് ശബരിമല ;ലക്ഷങ്ങൾ മകരജ്യോതി കണ്ടു സായൂജ്യമടഞ്ഞു.

പത്തനംതിട്ട :ജനലക്ഷങ്ങൾക്ക് ദർശന പുണ്യമേകി ശബരിലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്തും മറ്റ് പ്രദേശങ്ങളിലുമായി ഉൾപ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദർശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടർന്ന് ആയിരങ്ങൾ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. ‌ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. 

ഇന്ന് പുലര്‍ച്ചെ 2.30ന് പ്രത്യേക മകരസംക്രമണ പൂജ നടത്തി യാണ് മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കമായത്.  വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ ദേവസ്വം അധികൃതർ സ്വീകരിച്ചു. 

അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം ദേവസ്വം അധികൃതർ ഏറ്റുവാങ്ങിയശേഷം ഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങി. പതിനെട്ടാം പടി കയറി സോപാനത്തിലെത്തിയപ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്നാണ് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയത്. അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് എങ്ങും ദൃശ്യമായത്. വ്യൂ പോയിന്റുകളാണ് ദർശനത്തിനായി സജ്ജമാക്കിയിരുന്നത്. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400-പേരെയാണ് സുരക്ഷയ്ക്കായി പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളിൽ വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ നടത്തിയാണ് പോലീസ് സുരക്ഷ ഉറപ്പാക്കുന്നത്.രാത്രി മണിമണ്ഡപത്തില്‍ കളമെഴുത്തും തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം. 19ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും.

20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയില്‍ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 21ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച്‌ അയ്യപ്പസ്വാമിയെ യോഗനിദ്ര‌യി‌ലാക്കും. തുടര്‍ന്ന് ശ്രീകോവിൽ അടക്കും.