‘പിക്‌നിക് സ്‌പോട്ട് അല്ല’:  ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ:ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം വിശ്വാസികള്‍ക്ക് മാത്രമായിരിക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശം നല്‍കി.

പഴനി ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 15ന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് ഉത്തരവ് ഊന്നിപ്പറഞ്ഞു. അതിനാല്‍ അഹിന്ദുക്കള്‍ക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച്‌ ക്ഷേത്രംപരിപാലിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം നല്‍കി.

അരുള്‍മിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിലെ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കളെ മാത്രം പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി ക്ഷേത്രത്തിലെ ഭക്തരുടെ സംഘടനാ നേതാവായ ഡി സെന്തില്‍കുമാർ എന്നയാള്‍ നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതി വിധി പ്രസ്താവിച്ചത്.

പഴനി ക്ഷേത്രത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോർഡുകള്‍ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദിണ്ടിഗല്‍ ജില്ലയിലെ പഴനിയിലാണ് പ്രസിദ്ധമായ മുരുകൻക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അഹിന്ദുക്കളായവർ ക്ഷേത്രദർശനത്തിന് എത്തുന്നുണ്ടെന്നും, അവരെ തടയണമെന്നും ആവശ്യപ്പെട്ടാണ് ഡി സെന്തില്‍ കുമാർ ഹൈക്കോടതിയെ സമീപിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോർഡുകള്‍ നേരത്തെ ഉത്സവസമയത്ത് നീക്കം ചെയ്തിരുന്നു. ഈ ബോർഡുകള്‍ പുനഃസ്ഥാപിക്കാനാണ് കോടതി നിർദേശം നല്‍കിയത്.

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും ക്ഷേത്രത്തിലെ വാസ്തുവിദ്യ ആസ്വദിക്കാൻ എത്തുന്നവർ കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിന് അപ്പുറത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.”വാസ്തുവിദ്യാ സ്മാരകങ്ങള്‍ സന്ദർശിക്കാൻ എത്തുന്ന, ആളുകള്‍ക്ക് ക്ഷേത്ര പരിസരം വിനോദസഞ്ചാര കേന്ദ്രമായി കാണാൻ കഴിയില്ല. ക്ഷേത്ര പരിസരം ആദരവോടെയും ആചാരപ്രകാരവും പരിപാലിക്കേണ്ടത് ആവശ്യമാണ്. ഭരണഘടനയുടെ ആർട്ടിക്കിള്‍ പ്രകാരവും മറ്റ് മതക്കാർക്ക് ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കാനാകില്ല”- കോടതി വ്യക്തമാക്കി.