ഭൂമി തട്ടിപ്പ് ;സോറൻ അറസ്റ്റിൽ.

റാഞ്ചി: ഭൂമി തട്ടിപ്പ്‌ ഉള്‍പ്പെടുന്ന കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) ആറു മണിക്കൂര്‍ ചോദ്യംചെയ്‌തതിനിടെ ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രിയും ജെ.എം.എം.നേതാവുമായ ഹേമന്ദ്‌ സോറന്‍ രാജിവച്ചു. ഇ.ഡി. കസ്‌റ്റഡയില്‍ തുടരവെ ഇന്നലെ രാത്രി ഗവര്‍ണറെ കണ്ട്‌ രാജി സമര്‍പ്പിക്കുകയായിരുന്നു.

ഹേമന്ദിന്റെ വിശ്വസ്‌തനും ഗതാഗത മന്ത്രിയുമായ ചംപായ്‌ സോറന്‍ മുഖ്യമന്ത്രിയാകും.
ചംപായ്‌ സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്നും എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ടെന്നും ഝാര്‍ഖണ്ഡ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാജേഷ്‌ താക്കൂര്‍ പ്രതികരിച്ചു. ഝാര്‍ഖണ്ഡ്‌ മുക്‌തിമോര്‍ച്ചയും (ജെ.എം.എം.) കോണ്‍ഗ്രസും ചേര്‍ന്നുള്ള കൂട്ടുകക്ഷി ഭരണമാണ്‌ ഝാര്‍ഖണ്ഡില്‍. എന്‍.ഡി.എ ആണ്‌ പ്രതിപക്ഷത്ത്‌. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ എം.എല്‍.എമാരെ സുരക്ഷിത സ്‌ഥലത്തേക്കു മാറ്റാന്‍ ജെ.എം.എം ശ്രമം തുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇ.ഡി. സംഘം ചോദ്യംചെയ്യാന്‍ എത്തിയതിനു പിന്നാലെ ഹേമന്ദ്‌ സോറന്റെ വീടിനു മുന്നില്‍ സി.ആര്‍.പി.എഫും സംസ്‌ഥാന പോലീസും സുരക്ഷ ഒരുക്കാനെത്തിയിരുന്നു.

ചീഫ്‌ സെക്രട്ടറിയും പോലീസ്‌ മേധാവിയും സോറന്റെ വീട്ടിലെത്തി. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. ഇതിനിടെയാണ്‌ ഇ.ഡി ഉദ്യോഗസ്‌ഥര്‍ക്കൊപ്പം രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിച്ചത്‌. എം.എല്‍.എമാരും ഒപ്പം കൂടി. മുഖ്യമന്ത്രിയുടെ വീടിനും രാജ്‌ഭവനും സമീപം നിരോധനാജ്‌ഞ പുറപ്പെടുവിച്ചിരിക്കുകയാണ്‌. ഇ.ഡി ഓഫിസിനു സമീപം 100 മീറ്റര്‍ പരിധിയിലും നിരോധനാജ്‌ഞ ഏര്‍പ്പെടുത്തി.
2020-22 ല്‍ വ്യാജരേഖ ചമച്ച്‌ ആദിവാസി ഭൂമി തട്ടിയെടുത്തു എന്നതാണ്‌ ഹേമന്ദ്‌ സോറനെതിരായ ആരോപണങ്ങളിലൊന്ന്‌. ഖനനവകുപ്പിന്റെ ചുമതലയിലിരിക്കെ പദവി ദുരുപയോഗം ചെയ്‌ത്‌ റാഞ്ചിയില്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നതടക്കം മൂന്ന്‌ കള്ളപ്പണക്കേസുകളാണ്‌ ഇ.ഡി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. തിങ്കളാഴ്‌ച ഹേമന്ദിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയും ബി.എം.ഡബ്ല്യു കാറും പിടിച്ചെടുത്തതായി ഇ.ഡി. വ്യക്‌തമാക്കിയിരുന്നു. ഡല്‍ഹിയിലുണ്ടായിരുന്നെങ്കിലും ഈ സമയം മുഖ്യമന്ത്രി വസതിയില്‍ ഇല്ലായിരുന്നു. പിന്നീട്‌ അദ്ദേഹത്തെ പിടികൂടാന്‍ ഇ.ഡി. സംഘം ഡല്‍ഹി വിമാനത്താവളത്തില്‍ ഉറക്കമൊഴിച്ചു കാത്തുനിന്നെങ്കിലും വെറുതേയായി. നാല്‍പ്പത്തിയെട്ടുകാരനായ സോറന്‍ വിമാനം ഒഴിവാക്കി റോഡ്‌ മാര്‍ഗം റാഞ്ചിയില്‍ എത്തി. തുടര്‍ന്ന്‌ ഭരണമുന്നണി എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന്‌ രാഷ്‌ട്രീയസ്‌ഥിതിഗതികള്‍ വിലയിരുത്തി.
ഇന്നലെ ഇ.ഡി. സംഘം ചോദ്യംചെയ്യലിന്‌ എത്തിയതിനു പിന്നാലെ രാജി സന്ദേഹങ്ങള്‍ ഉയര്‍ന്നു. ഹേമന്ദ്‌ സോറന്റെ ഭാര്യ കല്‍പ്പന മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍, കല്‍പ്പനയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരേ ജെ.എം.എം. തലവനായ ഷിബു സോറന്റെ മൂത്തമരുമകള്‍ കൂടിയായ നിയമസഭാംഗം സീതാ സോറന്‍ പരസ്യനിലപാട്‌ എടുക്കുകയായിരുന്നു.
ഇതിനിടെ, കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു സോറന്റെ പ്രതിച്‌ഛായ കളങ്കപ്പെടുത്തിയെന്നു കാട്ടി ഝാര്‍ഖണ്ഡ്‌ പോലീസ്‌ ഇന്നലെ ഇ.ഡിക്കെതിരേ എഫ്‌.ഐ.ആര്‍. എടുത്തു. സോറന്റെ പരാതിയില്‍ എസ്‌സി/എസ്‌ടി നിയമപ്രകാരമാണ്‌ കേസെടുത്തത്‌.

സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛവി രഞ്ജൻ ഉൾപ്പെടെ 14 പേരെ കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കേസിൽ ജാർഖണ്ഡ് ലാൻഡ് റവന്യൂ വകുപ്പിലെ ജീവനക്കാരനായ ഭാനു പ്രസാദ് പ്രസാദിനെയും ഏജൻസി അറസ്റ്റ് ചെയ്തു.