ടി പി വധകേസ്  പ്രതികളുടെ ശിക്ഷയിൽ മാറ്റം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം,പരോൾ ഇല്ല.

എറണാകുളം: ടി പി കേസ്  പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി.ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവും വിധിച്ചു.

നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. 2044 വരെ, അഥവാ 20 വർഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, കെ ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇരട്ട ജീവപര്യന്തം കിട്ടിയവർക്ക് 20 വർഷം പരോള്‍ ഇല്ല. പുതുതായി കൊലപാതക ഗൂഢാലോചനയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷ്ണൻ (മുൻ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്ബ് മുൻ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു. എന്നിരുന്നാലും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്.കേസില്‍ പ്രതികള്‍ക്കുള്ള പിഴയും കോടതി ഉയർത്തിയിട്ടുണ്ട്. ഓരോ പ്രതിയും ഒരുലക്ഷം രൂപവീതം പിഴ അടയ്ക്കണം. കെ.കെ. രമയ്ക്ക് ഏഴരലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.