അഹമ്മദാബാദ് : മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ് ശിക്ഷ. 1996ലെ മയക്കുമരുന്ന് കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചുവെന്നാണ് ശിക്ഷ.ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപുർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. സഞ്ജീവ് ഭട്ടിനെ പാലൻപുർ സബ് ജയിലിലേക്ക് കൊണ്ടു പോകും.
1996ല്‍ മയക്കു മരുന്നു പിടികൂടിയ സംഭവത്തില്‍ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിതിനെ പ്രതിയാക്കി എടുത്ത കേസിലാണ് കുറ്റക്കാരനെന്നു വിധിച്ചത്. എൻഡിപിഎസ് ആക്‌ട് പ്രകാരമായിരുന്നു അഭിഭാഷകനെതിരെ അന്ന് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകൻ താമസിച്ച പാലൻപുരിലെ ഹോട്ടല്‍ മുറിയില്‍ നിന്നു മയക്കുമരുന്നു പിടിച്ചെടുത്തെന്നു സഞ്ജീവ് ഭട്ട് അവകാശപ്പെട്ടിരുന്നു. അന്ന് ബനസ്കന്ത ജില്ലയിലെ പൊലീസ് സൂപ്രണ്ടായിരുന്നു ഭട്ട്. എന്നാല്‍ കേസില്‍ അഭിഭാഷകനെ ബനസ്കന്ത പൊലീസ് തെറ്റായി കുടുക്കുകയായിരുന്നുവെന്നു രാജസ്ഥാൻ പൊലീസ് പിന്നീട് വ്യക്തമാക്കി.
എൻഡിപിഎസ് സെക്ഷൻ 21 (സി), 27 എ (അനധികൃത ഗതാഗതത്തിന് ധനസഹായം നൽകുന്നതിനും നിയമലംഘകർക്ക് അഭയം നൽകിയതിനുമുള്ള ശിക്ഷ) പ്രകാരം 20 വർഷത്തെ തടവ്. രണ്ട് ലക്ഷം രൂപ പിഴ. സെക്ഷൻ 21 (സി), 27 എ (അനധികൃത ഗതാഗതത്തിന് ധനസഹായം നൽകുന്നതിനും നിയമലംഘകർക്ക് അഭയം നൽകുന്നതിനുമുള്ള ശിക്ഷ), 29 (എൻഡിപിഎസ് ആക്‌ട് പ്രകാരം കുറ്റകൃത്യത്തിന് പ്രേരണയും ക്രിമിനൽ ഗൂഢാലോചനയും), 58 (1), (2) എന്നിവ പ്രകാരമാണ് സഞ്ജീവ് ഭട്ടിന് അഡീഷണൽ സെഷൻസ് ജഡ്ജി ജെ എൻ തക്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

