എഡിൻബറോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്‌കോട്ടിഷ് പ്രഥമ മന്ത്രി ഹംസ യൂസഫ് രാജി പ്രഖ്യാപിച്ചത്. “രാഷ്ട്രീയ ഭിന്നതയ്‌ക്കപ്പുറം ഞങ്ങളുടെ ബന്ധം നന്നാക്കാൻ മറ്റാരെങ്കിലും ചുക്കാൻ പിടിച്ചാൽ മാത്രമേ ചെയ്യാൻ കഴിയൂ എന്ന നിഗമനത്തിലാണ് ഞാൻ എത്തിയിരിക്കുന്നത്,” യൂസഫ് പറഞ്ഞു.അദ്ദേഹത്തിൻ്റെ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുമായി സ്‌കോട്ടിഷ് ഗ്രീൻസ് പാർട്ടി മുന്നണി ബന്ധം അവസാനിപ്പിച്ചതാണ് രാജിയിലേക്ക് നയിച്ചത്.

എമിഷൻ ടാർഗെറ്റുകളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എസ്എൻപിയും സ്കോട്ടിഷ് ഗ്രീൻ പാർട്ടിയും 3 വർഷത്തെ സഖ്യം പിരിയാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് യൂസഫ് രാജിവെക്കുമെന്ന വാദം മുന്നോട്ട് വെച്ചത്. ഗ്രീൻ പാർട്ടി ഓഫ് സ്കോട്ട്‌ലൻഡുമായുള്ള അധികാരം പങ്കിടൽ കരാർ അവസാനിച്ചതിന് ശേഷമുള്ള തൻ്റെ പ്രസ്താവനയിൽ, താൻ രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു യൂസഫ് പറഞ്ഞിരുന്നത്.
“രാഷ്‌ട്രീയ ഭിന്നതയ്‌ക്കപ്പുറം ഞങ്ങളുടെ ബന്ധം നന്നാക്കാൻ മറ്റാരെങ്കിലും ചുക്കാൻ പിടിച്ചാൽ മാത്രമേ ചെയ്യാൻ കഴിയൂ എന്ന നിഗമനത്തിൽ ഞാൻ എത്തിയിരിക്കുന്നു. അതിനാൽ പാർട്ടി നേതാവ് സ്ഥാനം ഒഴിയാനുള്ള എൻ്റെ ഉദ്ദേശ്യം ഞാൻ എസ്എൻപിയുടെ ദേശീയ സെക്രട്ടറിയെ അറിയിക്കുകയും എൻ്റെ പിൻഗാമിക്കായി എത്രയും വേഗം നേതൃമത്സരം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്, ”യൂസഫ് എഡിൻബറോയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. തൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ താൻ ഒന്നാം മന്ത്രിയായി തുടരുമെന്ന് യൂസഫ് പറഞ്ഞു.
സ്കോട്ടിഷ് കണ്‍സർവേറ്റിവുകള്‍, ലേബർ, ലിബറല്‍ ഡെമോക്രാറ്റുകള്‍ എന്നിവർ യൂസഫിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. 129 സീറ്റുള്ള പാർലമെന്റില്‍ എസ്.എൻ.പിക്ക് 63 എം.പിമാരുണ്ട്. 28 ദിവസത്തിനകം പകരക്കാരനെ കണ്ടെത്തി ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കില്‍ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
നിക്കോള സ്റ്റർജൻ്റെ പിൻഗാമിയായി വന്ന യൂസഫ്, രാജ്യത്തിൻ്റെ ആറാമത്തെ മന്ത്രിയും വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ള ആദ്യത്തെയാളുമാണ്.
ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ യൂസഫ് യുകെയിലെ പ്രധാന പാർട്ടിയുടെ പാകിസ്ഥാൻ വംശജനായ നേതാവാണ്.
പാക് വംശജനായ ഹംസ യൂസഫ് സ്കോട്ട്‍ലൻഡിലെ ആദ്യ മുസ്‍ലിം ഭരണാധികാരിയാണ്. 2023 മാർച്ചിലാണ് അധികാരമേറ്റത്.

