അമ്മയുടെ സീറ്റിലേക്ക് മകൻ ;രാഹുൽ റായ്ബറേലിയിൽ.

ന്യൂഡൽഹി :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും. വയനാടിന് പുറമെയാണ് രാഹുൽ റായ്ബറേലിയും ജനവിധി തേടുന്നത്. ഏറെ ചർച്ചകൾക്കൊടുവിൽ ആണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രഖ്യാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് ആണ്. രാഹുലിൻ്റെ പത്രികാ സമർപ്പണത്തിൽ പ്രിയങ്കാ ഗാന്ധിയും രാഹുലിനെ അനുഗമിക്കും.

കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേത്തിയിൽ നിന്ന് രാഹുൽ മത്സരിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.2019ല്‍ സ്മൃതി ഇറാനിയോട് 55000 വോട്ടുകള്‍ക്കാണ് രാഹുൽ പരാജയപ്പെട്ടത്. 2004 മുതൽ സോണിയ ഗാന്ധി വിജയിച്ചു വരുന്ന കോൺഗ്രസിൻറെ കുത്തക മണ്ഡലം കൂടിയാണ് റായ്ബറേലി. പാർട്ടി ശക്തികേന്ദ്രമായ റായ്ബറേലിയിൽ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി 15 വർഷം പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിൽ കോൺഗ്രസ് സംസ്ഥാന നേതാവ് കെഎൽ ശർമയെയാണ് മത്സരിപ്പിക്കുന്നത്.