മൂന്നാം വട്ടത്തിലേക്ക്; എക്സിറ്റ് പോളുകളിൽ ബിജെപി കുതിപ്പ്.

ന്യൂഡൽഹി: എല്ലാ എക്സിറ്റ് പോളുകളിലും ബിജെപി പടയോട്ടം. ഇന്ത്യ സഖ്യത്തിന് കനത്ത നിരാശ.ബി ജെ പി പടയോട്ടം സൗത്ത് ഇന്ത്യയിലേക്കും , എല്ലാ സർവ്വെയിലും കേരളത്തിൽ താമരത്തിളക്കം.

370ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയിലേക്കുള്ള അവസാനഘട്ട പോളിംഗിന് പിന്നാലെയാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നത്. പുറത്ത് വന്ന എല്ലാ സര്‍വ്വേകളും മോദിയുടെ മൂന്നാമൂഴം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക് 150ല്‍ താഴെ സീറ്റ് മാത്രമാണ് ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നത്. അതേസമയം കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ സര്‍വേകളും പറയുന്നത്. യുഡിഎഫിന് 14 മുതല്‍ 19 സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വ്വേ, എല്‍ഡിഎഫിന് 1 മുതല്‍ 4 സീറ്റ് വരേയും എന്‍ഡിഎ ക്ക് 1 മുതല്‍ 3 സീറ്റ് വരെയും പ്രവചിക്കുന്നു. ഒരു സീറ്റെങ്കിലും എല്ലാ സര്‍വ്വേകളും എന്‍ഡിഎക്ക് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നും ചില സര്‍വ്വേകള്‍ പറയുന്നു. തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലുമാണ് ബിജെപിക്ക് സാധ്യതകള്‍ പ്രവചിക്കുന്ന മണ്ഡലങ്ങള്‍.

തമിഴ്നാട്ടില്‍ ഭൂരിപക്ഷം സീറ്റുകളും ഇന്ത്യാ മുന്നണിക്കൊപ്പം പ്രവചിക്കുന്ന സര്‍വ്വേയില്‍ 1 മുതല്‍ നാല് സീറ്റുകള്‍ വരെ എന്‍ഡിഎ ക്ക് ലഭിക്കുമെന്നു പറയുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചിരുന്ന കര്‍ണാടകയില്‍ 23 മതല്‍ 25 സീറ്റ് വരെ എന്‍ഡിഎ ക്കും 3 മുതല്‍ 5 സീറ്റ് വരെ ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ തെലുങ്കാനയില്‍ എന്‍ഡിഎ യുടേയും ഇന്ത്യാ മുന്നണിയുടേയും പ്രകടനം ഒപ്പത്തിനൊപ്പമാകുമെന്നാണ് പ്രവചനം. അതേസമയം ആന്ധ്രാപ്രദേശില്‍ ജഗന് തിരിച്ചടി പ്രവചിക്കുന്ന സര്‍വ്വേ എന്‍ഡിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും പറയുന്നു.

ഇന്ത്യാ മുന്നണി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മഹാരാഷ്ട്രയിലും ബീഹാറിലും എന്‍ഡിഎയുടെ മുന്നേറ്റം തന്നെയാണ് സര്‍വ്വെ പ്രവചിക്കുന്നത്. 35 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് പ്രവചിക്കുമ്പോള്‍ 18 സീറ്റ് വരെ മാത്രമാണ് ഇന്ത്യാ മുന്നണിക്ക് പ്രവചിക്കുന്നത്. ബീഹാറില്‍ 34 സീറ്റ് വരെ എന്‍ഡിഎക്കും 10 സീറ്റ് വരെ ഇന്ത്യാ മുന്നണിക്കും പ്രവചിക്കുന്നു. ഉത്തര്‍പ്രദേശില്‍ വന്‍വിജയം പ്രവചിക്കുന്ന എന്‍ഡിഎക്ക് 74 വരേയും ഇന്ത്യാ മുന്നണിക്ക് 12 വരേയും സീറ്റുകളും പശ്ചിമബംഗാളില്‍ എന്‍ഡിഎക്ക് 24 സീറ്റുകള്‍ വരെയും തൃണമൂലിന് 21 സീറ്റുകള്‍ വരേയും സര്‍വ്വേ പ്രവചിക്കുന്നു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ ബിജെപി വിരുദ്ധതരംഗം പ്രതീക്ഷിച്ച ഡല്‍ഹിയില്‍ ഇന്ത്യാമുന്നണിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതല്ല എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഡല്‍ഹിയില്‍ 7 ല്‍ 7 സീറ്റും എന്‍ഡിഎ നേടുമെന്ന് സര്‍വ്വേ പറയുമ്പോള്‍ ചില സര്‍വ്വേകള്‍ രണ്ട് സീറ്റ് വരെ ഇന്ത്യാ മുന്നണി നേടിയേക്കാമെന്നും പറയുന്നു. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം പ്രവചനങ്ങളും പറയുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും ചത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ തൂത്തുവാരുമെന്നാണ് എല്ലാ പ്രവചനങ്ങളും പറയുന്നത്. എന്നാല്‍ രാജസ്ഥാനില്‍ 7 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വ്വേ പ്രവചനം. ബിജെപിക്കെതിരായി ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് പ്രവചിച്ചിരുന്ന ഹരിയാനയില്‍ മേല്‍ക്കൈ ബിജെപിക്ക് തന്നെയാണെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഒഡീഷയില്‍ ബിജു ജനതാദളിന് 8 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എന്‍ഡിഎക്ക് 15 സീറ്റ് വരെയാണ് പ്രവചനം. ഒഡീഷയില്‍ ഇന്ത്യാമുന്നണിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്ന് സര്‍വ്വേ പറയുന്നു.

സിക്കിം, അരുണാചല്‍ പ്രദേശ്, മേഘാലയ, ത്രിപുര, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം, അസം എന്നിവ ഉള്‍പ്പെടുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 27 ലോക്‌സഭാ സീറ്റുകളില്‍ 20 നടുത്ത് സീറ്റുകള്‍ എന്‍ഡിഎ നേടുമന്നാണ് സര്‍വ്വെ പറയുന്നത്. ഇതില്‍ മണിപ്പൂരിലേയും നാഗാലാന്‍ഡിലേയും മിസോറാമിലേയും ഓരോ സീറ്റുകളിലും ആസാമിലെ നാലു വരെ സീറ്റുകളിലുമാണ് കോണ്‍ഗ്രസിന് സാധ്യതയുള്ളത്.

എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകമായും നന്ദി പറഞ്ഞു. മോദിക്ക് മൂന്നാമൂഴമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക സര്‍വ്വേ ഫലങ്ങളും പുറത്ത് വന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പങ്കുവച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു.

എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം വിലയിരുത്തല്‍ അനുസരിച്ച് സംസ്ഥാനത്ത് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍

ദൈനിക് ഭാസ്‌കർ
എൻ.ഡി.എ- 281-350
ഇന്ത്യ സഖ്യം- 145-201
മറ്റുള്ളവർ- 33-49

ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്സ്
എൻ.ഡി.എ- 371
ഇന്ത്യ സഖ്യം- 125
മറ്റുള്ളവർ- 47

റിപ്പബ്ലിക് ടിവി- പി മാർക്
എൻ.ഡി.എ- 359
ഇന്ത്യ സഖ്യം- 154
മറ്റുള്ളവർ- 30

ജൻകി ബാത്ത്
എൻ.ഡി.എ- 362-392
ഇന്ത്യ സഖ്യം- 141-161
മറ്റുള്ളവർ- 10-20

റിപ്പബ്ലിക് ഭാരത് – മാട്രീസ്
എൻ.ഡി.എ- 353-368
ഇന്ത്യ സഖ്യം- 118-133
മറ്റുള്ളവർ- 43-48

ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ
എൻ.ഡി.എ- 361-401
ഇന്ത്യ സഖ്യം- 131-166
മറ്റുള്ളവർ- 08-20

ന്യൂസ് നാഷൻ
എൻ.ഡി.എ- 342-378
ഇന്ത്യ സഖ്യം- 153-169
മറ്റുള്ളവർ- 21-23