മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു.റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്.

1699-ൽ റഷ്യയുടെ ആദ്യ ചക്രവർത്തിയായ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ച ഈ അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ നേതാവാണ് മോദി.ഇത് റഷ്യയുടെ ഏറ്റവും പഴക്കമുള്ളസിവിലിയൻ ബഹുമതിയാണ്. റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918-ൽ ഈ അവാർഡ് നിർത്തലാക്കുകയും പിന്നീട് 1998-ൽ റഷ്യയുടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതില്‍ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയില്‍ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു.

