ശ്രീനഗർ:കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തില്‍ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉള്‍പ്പെടുന്നു.പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്.ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ജമ്മു കാശ്മീരിൽ നടന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷിക ദിനത്തിൽ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇൻപുട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കത്വ ജില്ലയിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതലെടുക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ബദ്നോട്ട ഗ്രാമത്തില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സുരക്ഷാസേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിനു നേരെ ഒളിച്ചിരുന്ന് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യം ഉടൻ തിരിച്ചടിച്ചു. പ്രദേശത്തത്ത് കൂടുതല്‍
സൈനികരെ വിന്യസിച്ചിട്ടുണ്ട്. 48 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം ആണിത്. കുല്‍ഗാമില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളില്‍ 2 സൈനികർ വീരമൃത്യു വരിച്ചിരുന്നു.6 ഭീകരവാദികളെ സൈന്യം വധിച്ചു.
“കത്വയിലെ (ജെ&കെ) ബദ്‌നോട്ടയിലുണ്ടായ ഭീകരാക്രമണത്തിൽ നമ്മുടെ ധീരരായ അഞ്ച് ഇന്ത്യൻ ആർമി സൈനികരുടെ നഷ്ടത്തിൽ ഞാൻ അഗാധമായി വേദനിക്കുന്നു,” പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്‌സിൽ കുറിച്ചു.
“ദുരിതബാധിതരായ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം, ഈ ദുഷ്‌കരമായ സമയത്ത് രാഷ്ട്രം അവരോടൊപ്പം ഉറച്ചുനിൽക്കുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു, ഞങ്ങളുടെ സൈനികർ മേഖലയിൽ സമാധാനവും ക്രമവും കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഈ ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, സിംഗ് കൂട്ടിച്ചേർത്തു.
ഇൻ്റലിജൻസ് സ്രോതസ്സുകളിൽ നിന്നുള്ള തുടർച്ചയായ മുന്നറിയിപ്പുകളെ തുടർന്ന് തിങ്കളാഴ്ച ആർമി സ്‌കൂളും അടച്ചു. വേനലവധി കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഈ സ്കൂൾ തുറക്കുന്നത്.

