പാക്കിസ്ഥാൻ അക്രമണം; ഒരു സൈനികന് വീരമൃത്യു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കാമകാരി സെക്ടറില്‍ ശനിയാഴ്ച പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു.

പാക്ക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ സേനാ ക്യാപ്റ്റന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. വെടിവെപ്പില്‍ പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടു.

പുലര്‍ച്ചെ 2:30ഓടെ നിയന്ത്രണ രേഖക്ക് സമീപം സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ പാക് അധീന കശ്മീരിലേക്ക് തിരികെ പോയതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

വടക്കന്‍ കശ്മീര്‍ ജില്ലയിലെ ട്രെഹ്ഗാം സെക്ടറിലെ കുംകാടി പോസ്റ്റിന് സമീപം നുഴഞ്ഞുകയറ്റക്കാരായ മൂന്നംഗ സംഘം ഗ്രനേഡ് എറിയുകയും ഇന്ത്യന്‍ പോസ്റ്റിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ പരിക്കേറ്റ സൈനികരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതിട്ടുണ്ട്. പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.