തിരുവനന്തപുരം: താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്.
ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി അതുകൊണ്ടാണ് മോഹന്‍ലാലിന് നേരിട്ട് രാജിക്കത്ത് നല്‍കിയത്. ഇപ്പോഴുള്ളത് ഊട്ടിയിലാണ്. നേരിട്ടെത്തി വിശദീകരണം നല്‍കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചത് നല്ലകാര്യമെന്ന് സംവിധായകന്‍ വിനയന്‍.
സിദ്ദിഖ് ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ്.ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്റെ പ്രതികരണം.വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന്‍ പറഞ്ഞു.
നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് സംവിധായകൻ ഷാജി കൈലാസ്.രഞ്ജിത്ത് അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്ന് ഷാജി കൈലാസ് പറഞ്ഞു. രഞ്ജിത്ത് ആ ടൈപ്പല്ല, ഇത്രയും പേർക്ക് മുന്നില്‍വെച്ച് രഞ്ജിത്ത് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കുമെന്ന് രഞ്ജിത്ത് തന്നെ വ്യക്തമാക്കിയതാണെന്നും ഷാജി കൈലാസ് പറഞ്ഞു.

