ന്യൂഡൽഹി :രാജ്യസഭയിലേക്കു നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ നികത്തപ്പെട്ടതോടെ പാർലമെൻ്റിന്റെ ഉപരിസഭയില്‍ എൻ ഡി എ ക്ക് ഭൂരിപക്ഷമായി.12 അംഗങ്ങളുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒമ്ബത് പേരും ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്ന് ഒരാളുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പാർലമെൻ്റിന്റെ ഉപരിസഭയില്‍ ബി.ജെ.പിക്ക് സ്വന്തം സംഖ്യയും സഖ്യകക്ഷികളുടെ ശക്തിയും വർദ്ധിക്കുന്നതോടെ ഭൂരിപക്ഷം നേടിയത് ബില്ലുകള്‍ സുഗമമായി പാസാക്കാൻ ഭരണ സഖ്യത്തെ സഹായിക്കും.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും മധ്യപ്രദേശില്‍ നിന്നുള്ള ജോർജ്ജ് കുര്യനും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി തെലങ്കാനയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ സി വേണുഗോപാല്‍ രാജി വെച്ച ഒഴിവിലാണ് രവ്‌നീത് സിങ് ബിട്ടു രാജ്യസഭയിലെത്തുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്ബ് നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ എൻഡിഎയ്‌ക്ക് 110 എംപിമാരുടെ പിന്തുണയുണ്ടായിരുന്നു. ഇതിപ്പോള്‍ 121 ആയി ഉയർന്നു. ഭരണഘടനപ്രകാരം രാജ്യസഭയിലെ അനുവദനീയമായ പരമാവധി അംഗങ്ങളുടെ എണ്ണം 250 ആണ്.
നിലവില്‍ ആകെ വേണ്ട അംഗങ്ങളുടെ എണ്ണം 245 ആണ്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും ഉള്‍പ്പെടുന്നു.
എന്നാല്‍ പാർലമെൻ്റിന്റെ ഉപരിസഭയില്‍ ഇപ്പോള്‍ 237 അംഗങ്ങളാണുള്ളത്, അതിലെ ഭൂരിപക്ഷം 119 ആണ്. ജമ്മു കശ്മീരില്‍ നിന്നുള്ള നാല് പേർ അടക്കം എട്ട് ഒഴിവുകളുണ്ട്. ഇപ്പോള്‍ ഉപരിസഭയില്‍ ബിജെപിക്ക് 96 അംഗങ്ങളും കോണ്‍ഗ്രസിന് 27 അംഗങ്ങളുമുണ്ട്.
അസമില്‍ നിന്നുള്ള മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറില്‍ നിന്നുള്ള മനൻ കുമാർ മിശ്ര, ഹരിയാനയില്‍ നിന്നുള്ള കിരണ്‍ ചൗധരി, മഹാരാഷ്‌ട്രയില്‍ നിന്നുള്ള ധര്യഷീല്‍ പാട്ടീല്‍, ഒഡീഷയില്‍ നിന്നുള്ള മമതമൊഹന്ത, ത്രിപുരയില്‍ നിന്നുള്ള റജീബ് ഭട്ടാചാരി എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥികളില്‍ ഉള്‍പ്പെടുന്നു. മഹാരാഷ്‌ട്രയില്‍ നിന്ന് എൻസിപിയുടെ നിതിൻ പാട്ടീലും ബിഹാറില്‍ നിന്ന് രാഷ്‌ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയും തെരഞ്ഞെടുക്കപ്പെട്ടു. എൻസിപിയും ആർഎല്‍എമ്മും ബിജെപിയുടെ സഖ്യകക്ഷികളാണ്.

