കൊൽക്കത്ത:പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തിലാണ് മമത ഈ പ്രഖ്യാപനം നടത്തിയത്. ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തൂക്കി കൊല്ലണം. സര്‍ക്കാരിന് ഈ ഒരു നിലപാട് മാത്രമേയുള്ളൂ. പോലീസ് നടപടികളിലൊന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പോലീസ് കണ്ടെത്തിയതില്‍ കൂടുതലൊന്നും ഇതുവരെ സിബിഐ കണ്ടെത്തിയിട്ടില്ല. കൃത്യമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്നും മമത ആവശ്യപ്പെട്ടു. പാസാക്കുന്ന ബില്‍ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താൻ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം. രാജ്യത്ത്സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്.
ബിജെപി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. സംസ്ഥാനത്തെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് ബന്ദ് അടക്കം നടത്തുന്നതെന്നും മമത ആരോപിച്ചു. ബിജെപി ആഹ്വാനം ചെയ്ത് 12 മണിക്കൂര്‍ ബന്ദ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

