കുംഭമേള തുടങ്ങി; തുടക്ക ദിവസത്തിൽ സ്നാനം ചെയ്തത് ഒന്നര കോടി വിശ്വാസികൾ.

പ്രയാഗ് രാജ് :ഉത്തർ പ്രദേശിലെ പ്രയാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളക്ക് തുടക്കം. ഇന്നത്തെ പൗഷ് പൂർണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍.ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകളില്‍ 40 കോടി തീർത്ഥാടകർ പങ്കാളികളാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാകുംഭമേളയില്‍ പങ്കെടുക്കും. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയില്‍ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

വിദേശികൾ അടക്കം ലോകമെമ്പാടുമുള്ള ഭക്തർ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്.കുംഭമേളയിലേക്ക് പോകുന്നതിന് മുമ്പ് , അമേരിക്കൻ കോടീശ്വരയായ ബിസിനസുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സ്റ്റീവ് ജോബ്‌സിൻ്റെ വിധവ ലോറീൻ പവൽ ജോബ്‌സ് ശനിയാഴ്ച നിരഞ്ജനി അഖാരയുടെ ആചാര്യ മഹാമണ്ഡലേശ്വര് കൈലാശാനന്ദഗിരിയുടെ മേൽനോട്ടത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. അവർ കമല എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്.സ്റ്റീവ് ജോബ്‌സ് തന്നെ 1974-ൻ്റെ മധ്യത്തിൽ ഇന്ത്യ സന്ദർശിക്കുകയും ആത്മീയ ഉപദേശങ്ങൾ തേടി 1973-ൽ അന്തരിച്ച നീം കരോളി ബാബയുടെ കൈഞ്ചി ധാം ആശ്രമം സന്ദർശിക്കുകയും ചെയ്തിരുന്നു.

ഭഗവാൻ വിഷ്ണു അസുരന്മാരില്‍ നിന്നുള്ള അമർത്യതയുടെ അമൃത് അടങ്ങിയ ഒരു സ്വർണ്ണ കുടം അല്ലെങ്കില്‍ കുംഭം പിടിച്ചെടുത്തു. അത് കൈവശപ്പെടുത്താനുള്ള 12 ദിവസത്തെ പോരാട്ടത്തില്‍, പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നീ നഗരങ്ങളില്‍ നാല് തുള്ളികള്‍ ഭൂമിയിലേക്ക് വീണു എന്നാണ് ഐതീഹം. ഇന്ന് മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും. പ്രയാഗ് രാജില്‍ 12 കിലോമീറ്റർ നീളത്തില്‍ സ്നാന ഘാട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങള്‍ നടക്കുക.

കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ. 150,000 ടെൻ്റുകളില്‍ സന്ദർശകരെ പാർപ്പിക്കാൻ നദികളുടെ തീരത്തുള്ള 4,000 ഹെക്ടർ തുറസ്സായ സ്ഥലം താല്‍ക്കാലിക നഗരമാക്കി മാറ്റി, കൂടാതെ 3,000 അടുക്കളകളും 145,000 വിശ്രമമുറികളും 99 പാർക്കിംഗ് സ്ഥലങ്ങളും സജ്ജീകരിച്ചിരിക്കുന്നു. 450,000 പുതിയ വൈദ്യുതി കണക്ഷനുകള്‍ സ്ഥാപിച്ചു.

കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷല്‍ സർവീസുകളുള്‍പ്പടെ 13000 ട്രെയിൻ സർവീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേയും അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജില്‍ പ്രത്യേക ലക്ഷ്വറി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. 14000 മുതല്‍ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകള്‍. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മഹാകുംഭമേളയുടെ ആദ്യ ദിനമായ ഇന്ന് പ്രയാഗ്‌രാജിലെത്തിയത് 1.50 കോടി വിശ്വാസികള്‍. പൗഷ്പൂർണിമ സ്നാനത്തില്‍ പങ്കെടുത്ത എല്ലാ ഭക്തർക്കും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സില്‍ കുറിച്ചു.

“ആദ്യ ദിവസമായ ഇന്ന് 1.50 കോടി വിശ്വാസികള്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു. മഹാകുംഭമേള ഭംഗിയായി നടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥർക്കും നന്ദി. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍നില്‍ക്കുന്ന പൊലീസ്, മത-സാമൂഹ്യ സംഘടനകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, മാദ്ധ്യമ സുഹൃത്തുക്കള്‍ തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന്” മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

പ്രധാന സ്നാന ദിവസങ്ങള്‍

മഹാകുംമേളയില്‍ വിശ്വാസികള്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നതാണ് സ്നാന ദിവസങ്ങള്‍,

ജനുവരി 14 -മകര സംക്രാന്തി

ജനുവരി 19 – മൗനി അമാവാസ്യ ദിനം

ഫെബ്രുവരി 3 – വസന്ത പഞ്ചമി ദിനം

ഫെബ്രുവരി 12 – മാഘി പൂർണിമ ദിനം

ഫെബ്രുവരി 26 – മഹാ ശിവരാത്രി എന്നിവയാണ് സ്നാനത്തിന് പ്രധാനപ്പെട്ട ദിവസങ്ങള്‍.