എ എ പി ക്ക് കനത്ത തിരിച്ചടി. എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു.
ന്യൂഡൽഹി :വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി.
മുമ്പ് ആം ആദ്മി പാർട്ടിയുടെ മെഹ്‌റൗളി സ്ഥാനാർത്ഥിയായിരുന്ന നരേഷ് യാദവിനെ, ഡിസംബറിൽ പഞ്ചാബ് കോടതി ഖുറാൻ അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിനെത്തുടർന്ന്, ഫെബ്രുവരി 5 ന് വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാമത്തെ പട്ടിക എഎപി പുറത്തിറക്കിയപ്പോൾ, നരേഷ് യാദവിനെ മാറ്റി മഹേന്ദർ ചൗധരിയെ മെഹ്‌റൗളി സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചു.
“സത്യസന്ധമായ രാഷ്ട്രീയം” എന്ന സ്ഥാപക തത്വം എഎപി ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് രാജിക്കത്തിൽ പറഞ്ഞു
രാജിവെച്ച എംഎല്‍എമാരായ നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാല്‍ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബിഎസ് ജൂണ്‍ (ബിജ്വാസൻ) എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്വന്തം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാർത്ഥികള്‍ക്കായി ഇവർ പ്രവർത്തിക്കും. നേരത്തെ പാർട്ടി വിട്ട കൈലാഷ് ഗെലോട്ട് വഴിയാണ് അസംതൃപ്തരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്.
സീറ്റ് നിഷേധിച്ച 8 എംഎല്‍എമാരുടെ രാജി കെജ്‌രിവാളിനെയും സംഘത്തെയും ആശങ്കയില്‍ ആക്കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 20 സിറ്റിങ് എംഎല്‍എമാർക്ക് ആം ആദ്മി പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് എട്ട് എംഎല്‍എമാര്‍ രാജിവെച്ചത്. അതേസമയം, എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം. സ്ഥാനമോഹികള്‍ ആണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.

