റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു.

മോസ്കൊ.റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ-25 ലാൻഡര്‍ ചന്ദ്രനില്‍ തകര്‍ന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിലിടിച്ച്‌ തകര്‍ന്നതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ആണ് അറിയിച്ചത്.ശനിയാഴ്ച ലൂണ-25മായുള്ള ബന്ധം റോസ്കോസ്മോസിനു നഷ്ടമായിരുന്നു. ലൂണ-25 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പേടകത്തിനു സാങ്കേതിക തകരാര്‍ നേരിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസി ശനിയാഴ്ച അറിയിച്ചിരുന്നു. വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ച്‌അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25ന് 800 കിലോയാണു ഭാരം. കഴിഞ്ഞ ബുധനാഴ്ച ലൂണ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന് ഏറെ താത്പര്യമുള്ള പദ്ധതിയായിരുന്നു ഇത്. റഷ്യയെ ബഹിരാകാശ സൂപ്പര്‍ ശക്തിയാക്കുകയായിരുന്നു പുടിന്‍റെ ലക്ഷ്യം. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ വിക്ഷേപണത്തിനു ശേഷമായിരുന്നു റഷ്യയുടെ ലൂണ-25 വിക്ഷേപണം. 1976ലെ ലൂണ 24നുശേഷം റഷ്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായിരുന്നു ഇത്. ലൂണ 25ന്‍റെ പരാജയം റഷ്യക്കു കനത്ത തിരിച്ചടിയാണ്.