തെലുങ്കാനയിൽ ബി ആർ എസ് മുഖം തിരിച്ചു; ഇടതു പാർട്ടികൾ കോൺഗ്രസിനൊപ്പം .

ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ (കെ.സി.ആര്‍) നേതൃത്വത്തിലുള്ള ബി.ആര്‍.എസുമായുള്ള സഖ്യത്തിന് സാധ്യതയില്ലാതായതോടെ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുക്കാനൊരുങ്ങുന്നു.ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ 115ലും ബി.ആര്‍.എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കി സീറ്റുകളിലും പരിഗണനയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നീണ്ട 20 വര്‍ഷത്തിനുശേഷം തെലുഗു നാട്ടില്‍ സി.പി.ഐയും സി.പി.എമ്മും കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുന്നത്. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാൻ ഇടതു പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ട്. ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസിന്റെ തെലങ്കാനയുടെ ചുമതലയുള്ള മണിക് റാവു താക്കറെ ആവശ്യപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു. പാര്‍ട്ടിഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന സീറ്റിനനുസരിച്ചായിരിക്കും ചര്‍ച്ചകള്‍. ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടുകയാണ് ലക്ഷ്യമെന്നും തമ്മിനേനി വീരഭദ്രം കൂട്ടിച്ചേര്‍ത്തു.തൂക്കുസഭ വന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാതിരിക്കാൻ ബി.ജെ.പി പിന്തുണ കെ.സി.ആര്‍ പ്രതീക്ഷിക്കുന്നതിനാലാണ് ഇടതു പാര്‍ട്ടികളെ കൈവിട്ടതെന്നും സൂചനയുണ്ട്. ഇൻഡ്യ സഖ്യം വരുന്നതിനുമുമ്ബ് ഇടതു പാര്‍ട്ടികള്‍ ഏറെ പ്രതീക്ഷയോടെയാണ് ബി.ആര്‍.എസിനെയും കെ.സി.ആറിനെയും കണ്ടത്. കഴിഞ്ഞ ജനുവരിയില്‍ ചന്ദ്രശേഖര റാവു ഖമ്മത്ത് നടത്തിയ മഹാറാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ വേദി പങ്കിട്ടിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപവത്കരിക്കാനുള്ള ശ്രമമായിരുന്നു തുടങ്ങിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവടക്കമുള്ളവര്‍ റാലിക്കെത്തിയിരുന്നു. ബി.ജെ.പിക്കെതിരായ ‘പുതിയ ചെറുത്തുനില്‍പിന്’ ഖമ്മം റാലി തുടക്കമാകുമെന്നായിരുന്നു മൂന്നാം മുന്നണിയെ സൂചിപ്പിച്ച്‌ പിണറായി വിജയൻ സംസാരിച്ചത്. എന്നാല്‍, ചന്ദ്രശേഖരറാവു പിന്നീട് ഇടതു പാര്‍ട്ടികളെ അവഗണിക്കുകയായിരുന്നു