ലോക നേതാക്കൾക്ക് ഇന്ത്യ നൽകുന്നത് ലോഹ വിസ്മയം .

ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സമ്മാനം .വെങ്കലത്തില്‍ പ്രത്യേകമായി നിര്‍മ്മിച്ച താമരപ്പൂവാണ് മോദി ലോക നേതാക്കൾക്ക് സമ്മാനമായി നല്‍കുക . ഉത്തര്‍പ്രദേശിലെ മഹോബ പ്രദേശത്തെ കലാകാരനായ മൻമോഹൻ സൈനിയാണ് . ഈ അദ്വിതീയ സ്മരണികകള്‍ ഒരുക്കുന്നത് . 50 ഓളം താമരകളാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സ്മരണികകളെ അപൂര്‍വവും സവിശേഷവുമാക്കുന്നത് ഡിസൈൻ ആണെന്ന് മൻമോഹൻ സൈനി പറഞ്ഞു. 30 വര്‍ഷത്തിലേറെയായി സൈനി വെങ്കല പുരാവസ്തുക്കള്‍ നിര്‍മ്മിക്കുന്നുണ്ട് . ഇവന്റിന്റെ ലോഗോയില്‍ താമര ഉള്ളതിനാലാണ് ഇന്ത്യയുടെ സമ്മാനമായി താമരപ്പൂവ് നല്‍കാൻ തീരുമാനിച്ചത്.മൻമോഹൻ സൈനി പ്രശസ്തനായ ലോഹ ശില്‍പിയും മഹോബയില്‍ നിന്നുള്ള ദേശീയ അവാര്‍ഡ് ജേതാവുമാണ്. “ഒരു ചെറിയ ഭ്രമണം ചെയ്യുമ്ബോള്‍ അതിന്റെ പുറം ദളങ്ങള്‍ തുറക്കുന്ന തരത്തില്‍ തയ്യാറാക്കിയ ഒരു പ്രത്യേക താമരയാണിത്. കൂടുതല്‍ കറക്കുമ്ബോള്‍, പൂര്‍ണ്ണമായി വിരിഞ്ഞ പുഷ്പം ലഭിക്കും. തനിക്കല്ലാതെ മറ്റൊരു കരകൗശല വിദഗ്ധനും അവ നിര്‍മ്മിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് ഹാൻഡ്‌ക്രാഫ്റ്റ് ഡെവലപ്‌മെന്റ് ആൻഡ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷൻ ലിമിറ്റഡിന്റെ പ്രതിനിധികള്‍ എട്ട് മാസം മുമ്ബ് തന്നെ സമീപിച്ച്‌ ജി 20 ഉച്ചകോടിക്ക് പ്രത്യേക സ്മരണികള്‍ സൃഷ്ടിക്കാൻ പറഞ്ഞത് തന്റെ വൈദഗ്ധ്യം മൂലമാണെന്ന്മൻമോഹൻ സൈനി പറഞ്ഞു.

“അന്ന്, ജി 20 മറ്റേതൊരു ഇവന്റ് പോലെയായിരിക്കുമെന്ന് കരുതി ഞാൻ അതിനെ നിസ്സാരമായി എടുത്തിരുന്നു, എന്നാല്‍ അടുത്തിടെ ഇത് ടിവിയില്‍ കണ്ടപ്പോള്‍, ഇത് വലിയ കാര്യമാണെന്നും ടാസ്‌ക്കിനായി തിരഞ്ഞെടുക്കപ്പെടാൻ ഭാഗ്യമുണ്ടെന്നും ഞാൻ മനസ്സിലാക്കി. “- അദ്ദേഹം പറഞ്ഞു.

50 താമരകള്‍ നിര്‍മ്മിക്കാൻ ആറ് മാസമെടുത്തു . താമരയ്‌ക്ക് അഞ്ച് ഇഞ്ച് നീളമുണ്ടെന്നും ഓരോന്നിലും ചെറുതും വലുതുമായ എട്ട് ഇതളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു .