പക്ഷപാതികളായ മാധ്യമങ്ങളെ ബഹിഷ്കരിക്കും ;ഇന്ത്യ.


ന്യൂഡല്‍ഹി: പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വാര്‍ത്താ അവതാരകരെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണി.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ ആദ്യത്തെ കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ പട്ടിക തയ്യാറാക്കാൻ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ അവതാരകര്‍ നയിക്കുന്ന ഒരു ടെലിവിഷൻ ഷോകളിലും ഇൻഡ്യാ മുന്നണി പങ്കെടുക്കില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.ചില മാധ്യമങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്നത് പ്രതിപക്ഷത്തിന്റെ നേരത്തെയുള്ള ആരോപണമാണ്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസും അക്കാര്യം ഉന്നയിച്ചിരുന്നു. 2019 മെയില്‍ കോണ്‍ഗ്രസ് ടെലിവിഷൻ ഷോകള്‍ ഒരു മാസത്തേക്ക് ബഹിഷ്‌കരിച്ചിരുന്നു.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാൻ സീറ്റുവിഭജന ചര്‍ച്ചയിലേക്ക് മുന്നണി ഔദ്യോഗികമായി തുടക്കമിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംയുക്ത റാലികള്‍ നടത്താനും ശരദ് പവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലിലാണ് ആദ്യ റാലി. സംസ്ഥാനതലത്തിലാണ് സീറ്റു വിഭജന ചര്‍ച്ചകള്‍ നടക്കുക. പ്രശ്‌നങ്ങളുണ്ടാകുന്ന പക്ഷം ദേശീയ നേതൃത്വം ഇടപെട്ട് പരിഹാരം കാണും. പ്രതിപക്ഷത്തെ 27 കക്ഷികളാണ് ഭോപ്പാലിലെ റാലിയില്‍ അണി നിരക്കുക. ബുധനാഴ്ചയിലെ യോഗത്തില്‍ 13 അംഗ ഏകോപന സമിതിയില്‍ 12 പേരും പങ്കെടുത്തു.