‘ഇന്ത്യയുടെ’ മാധ്യമ ബഹിഷ്കരണം; ലിസ്റ്റ് പുറത്തു വിട്ടു.


ന്യൂഡൽഹി:    പ്രതിപക്ഷ ഐക്യ സഖ്യം ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു.ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാര്‍ത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ അവതാരകരാണ്.ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളില്‍ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തില്‍ രൂപീകരിച്ച കോര്‍ഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വ‍ര്‍ഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണി കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്.

മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍
ആജ് തക് എഡിറ്റര്‍ സുധീര്‍ ചൗധരി, റിപബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള 14 അവതാരകരുടെ പേരാണ് പട്ടികയിലുള്ളത്. നവിക കുമാര്‍ (ടൈംസ് നെറ്റ്‌വര്‍ക്ക്), അര്‍ണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്സ്പ്രസ്), സുധീര്‍ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂര്‍ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാര്‍ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് ബഹിഷ്‌കരിക്കുക.