വാർത്ത അവതാരകൻമാരെ വിലക്കിയ ഇന്ത്യ സഖ്യത്തിന്റെ നടപടി; എതിർ നിലപാടുമായി നിതീഷ് കുമാർ .


പാറ്റ്ന:വാര്‍ത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തോട് വിയോജിച്ച്‌ സഖ്യത്തിലെ പ്രമുഖ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും താൻ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തെ കുറിച്ച്‌ തനിക്ക് കൂടുതല്‍ അറിയില്ലെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി.

‘ഞാൻ മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കുകയാണ്. ബഹിഷ്കരണത്തെ കുറിച്ച്‌ എനിക്ക് ധാരണയില്ല. എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്രമുള്ള ഒരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് തോന്നിയത് എഴുതും. അവര്‍ക്കും അവകാശമുണ്ട്. ഞാൻ അവര്‍ക്ക് എതിരല്ല’ -നിതീഷ് കുമാര്‍ പറഞ്ഞു. നവിക കുമാര്‍ (ടൈംസ് നെറ്റ്‌വര്‍ക്ക്), അര്‍ണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീര്‍ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂര്‍ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാര്‍ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് സഖ്യ നേതാക്കള്‍ ബഹിഷ്‌കരിക്കുക.ഇന്ത്യ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സർക്കാർ പരസ്യവും ഇവർക്ക് നൽകാൻ കഴിയില്ല എന്നാണ് ഇന്ത്യ സഖ്യത്തിന് നിലപാട്.