കാശ്മീർ ;ഭീകരവേട്ട അഞ്ചാം ദിവസത്തിലേക്ക്.


ശ്രീനഗര്‍: ജമ്മുകാശ്‌മീരിലെ ആനന്ദ്‌നാഗില്‍ ഇന്ത്യൻ സേനയും പാക് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു.ഗദോളിലെ നിബിഡ വനങ്ങളില്‍ നടക്കുന്ന പോരാട്ടത്തില്‍ പാര കമാൻഡോകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യൻ ട്രൂപ്പുകളാണ് ഏറ്റുമുട്ടുന്നത്. കനത്ത കാടുകളെ മറയാക്കി ഭീകരര്‍ നടത്തുന്ന വെടിവയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യൻ സേന നല്‍കുന്നുണ്ട്.

നൂറ് മണിക്കൂറായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്ക് പറ്റുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തുന്നതെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ബുധനാഴ്‌ച തുടങ്ങിയ പോരാട്ടത്തിനിടെ നൂറുകണക്കിന് മോട്ടോര്‍ ഷെല്ലുകളും റോക്കറ്റുകളും ഭീകരര്‍ക്കുനേരെ ഇന്ത്യൻ സേന വിന്യസിച്ചു. സേനയുടെ സഹായത്തിനായി അത്യാധുനിക ഡ്രോണുകളുമുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ചൊവ്വാഴ്‌ച രാത്രിയോടെ ആരംഭിച്ചിരുന്നു. ഭീകരരുടെ ശക്തമായ വെടിവയ്പ്പിനിടെ മുറിവേറ്റവരെയും കൊല്ലപ്പെട്ട സൈനികരെയും പുറത്തെത്തിക്കാൻ കനത്ത വെല്ലുവിളിയാണ് സേന നേരിടുന്നത്. ഷെല്ലിംഗിനിടെ കാടിന്റെ ഒരു ഭാഗം കത്തിയതും തിരിച്ചടിയായി. പോരാട്ടത്തില്‍ ഭീകരരെ വധിക്കാൻ സാധിച്ചോ എന്നതും വ്യക്തമല്ല.

കൊടുംകാടുകളിലും യുദ്ധസമാനമായ സാഹചര്യങ്ങളിലും പോരാടുന്നതിന് പരിശീലനം ലഭിച്ചവരാണ് ഈ തീവ്രവാദികളെന്ന് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.