ഹൈദരാബാദ്:വിദ്വേഷ ചാനല്‍ അവതാരകരുടെ ഷോയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.പ്രതിപക്ഷം ഒരു ചാനല്‍ അവതാരകനെയും വിലക്കുകയോ ബഹിഷ്‍കരിക്കുകയോ കരിമ്ബട്ടികയില്‍പെടുത്തുകയോ അല്ല ചെയ്തതെന്നും മറിച്ച് അവരോട് ഗാന്ധിയൻ മാര്‍ഗത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയാണ് ചെയ്തതെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കിടെ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന ഒരാളുമായും തങ്ങള്‍ സഹകരിക്കില്ല. ആ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ തടയില്ല. വിദ്വേഷം പടര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ അതുമായി മുന്നോട്ടുപോകട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അവരുടെ ആ സ്വാതന്ത്ര്യത്തില്‍ പങ്കാളികളാകാതിരിക്കാനുള്ള സ്വാതന്ത്ര്യംതങ്ങള്‍ക്കുമുണ്ട്. അവര്‍ തങ്ങളുടെ ശത്രുക്കളല്ല. ആ 14 അവതാരകരില്‍ ഒരാളെ പോലും തങ്ങള്‍ വെറുക്കുന്നുമില്ല. അവര്‍ക്ക് അവരുടേതായ സമ്മര്‍ദങ്ങളുണ്ടാകാം. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞ് നാളെ അവരെല്ലാവരും നിലപാട് മാറ്റിയാല്‍ ഈ അവതാരകരുടെ ഷോയില്‍ തങ്ങള്‍ പങ്കെടുക്കും.
ഇതിനെ വിലക്കെന്ന് വിളിക്കരുത്. നിസ്സഹകരണ പ്രസ്ഥാനമെന്ന് വിളിച്ചോളൂ. ഗാന്ധിയൻ രീതിയില്‍ അവരുടെ മാര്‍ഗത്തോട് നിസ്സഹകരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. നാമൊരു വഴിയിലൂടെ പതിവായി നടക്കുമ്ബോള്‍ ആരെങ്കിലും നമുക്ക് മേല്‍ മാലിന്യങ്ങളെറിയുന്നുണ്ടെങ്കില്‍ ആ വഴി മാറി നടക്കാൻ നമുക്ക് അവകാശമുണ്ട്. ആ സ്വാതന്ത്ര്യമാണ് പ്രതിപക്ഷം വിനിയോഗിക്കുന്നത്.

