ഹൈദരാബാദ് : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ രണ്ടു മുതിര്‍ന്ന നേതാക്കള്‍ കൂടി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് വിട്ടു.ഖാനപുരില്‍ നിന്നുള്ള നിയമസഭാംഗം അജ്മീറ രേഖ, മുതിര്‍ന്ന നേതാവ് കാശിറെഡ്ഡി നാരായണ റെഡ്ഡി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിആര്‍എസില്‍നിന്ന് രാജിവച്ച കാശി റെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു.
വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജ്മീറ രേഖയുടെ രാജി. ”12 വര്‍ഷമായി ബിആര്‍എസിനെ സേവിക്കുന്ന പ്രവര്‍ത്തകയാണ് ഞാൻ. ഞാൻ എന്തെല്ലാം ചെയ്തെന്ന് ജനങ്ങള്‍ക്കറിയാം. എന്റെ ശക്തി ഞാൻ കാണിച്ചു തരാം. ഞാൻ പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ല. പക്ഷേ, പാര്‍ട്ടി എന്നെ ചതിച്ചു. ഞാൻ ബിആര്‍എസ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണ്.”-നിറകണ്ണുകളോടെ അജ്മീറ രേഖ പറഞ്ഞു.
സ്വതന്ത്രയായോ മറ്റേതെങ്കിലും പാര്‍ട്ടിയുടെ പ്രതിനിധിയായോ അടുത്ത തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും അജ്മീറ വ്യക്തമാക്കി. നാലുവര്‍ഷം എംഎല്‍സിയായി പാര്‍ട്ടിയെ സേവിച്ച താൻ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണെന്നായിരുന്നു കാശിറെഡ്ഡി നാരായണ റെഡ്ഡിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയുടെയും തെലങ്കാന പിസിസി പ്രസിഡന്റ് രേവാന്ത് റെഡ്ഡിയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തനിക്കൊപ്പം നാഗര്‍കുര്‍നൂള്‍ ജില്ലയില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തുസുഹൃത്തുക്കളുടെ ഉപദേശപ്രകാരം ജനോപകാരപ്രദമായ ആറ് ഉറപ്പുകളോടെയാണ് താൻ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും കാശിറെഡ്ഡി നാരായണ റെഡ്ഡി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കോണ്‍ഗ്രസ് പാര്‍ട്ടി അവസരം നല്‍കിയാല്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

