ഇമ്രാൻമസൂദ് കോൺഗ്രസിലേക്ക് ;യുപിയിൽ കോൺഗ്രസിന് മുതൽക്കൂട്ട്.

ലഖ്‌നൗ: ഇമ്രാൻ മസൂദ് കോൺഗ്രസിലേക്ക് .ഒന്നരവര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഇമ്രാന്‍ മസൂദ്.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വലിയ സ്വാധീനമുള്ള ഇമ്രാന്‍ മസൂദ് 2022ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പേ കോണ്‍ഗ്രസ് വിട്ട് എസ്പിയിലേക്കും പിന്നീട് ബിഎസ്പിയിലും എത്തുകയായിരുന്നു. ഓഗസ്റ്റില്‍ ഇമ്രാന്‍ മസൂദിനെ ബിഎസ്പിയില്‍ നിന്ന് മായാവതി പുറത്താക്കിയിരുന്നു. ‘ഒക്ടോബര്‍ ഏഴിന് ഞാന്‍ കോണ്‍ഗ്രസില്‍ ചേരും. വീട്ടിലേക്ക് മടങ്ങിവരുന്നത് പോലെയാണിത്. എനിക്ക് കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ എന്റെ അനുയായികളുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണ്. പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നു മടങ്ങിവരവിനുള്ള ഏറ്റവും നല്ല സമയംഇതാണെന്ന്.’, ഇമ്രാന്‍ മസൂദ് പറഞ്ഞു.ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെ ഇമ്രാന്‍ മസൂദിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഇമ്രാന്‍ മസൂദിനെ പോലെ സ്വാധീനമുള്ള മറ്റൊരു മുസ്‌ലിം നേതാവില്ല.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ വളര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും ഇമ്രാന്‍ മസൂദ് പറഞ്ഞു.