വൈഎസ്‌ആര്‍ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കില്ല; ശർമിള

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ ലയിക്കാനുള്ള നീക്കം ഉപേക്ഷിച്ച്‌ വൈ.എസ്. ശര്‍മിളയുടെ വൈഎസ്‌ആര്‍ തെലുങ്കാന പാര്‍ട്ടി.തെലുങ്കാനയിലെ 119 സീറ്റുകളിലും തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്നു ശര്‍മിള പറഞ്ഞു. ഭരണവിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെ വന്നാല്‍ ഭിന്നിച്ചാല്‍ അതിന്‍റെ നേട്ടം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനാണ്. ഭരണവിരുദ്ധ വോട്ട് ഭിന്നിച്ചാല്‍ ഞങ്ങളല്ല കുറ്റക്കാര്‍ ”-ശര്‍മിള പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. പാലയ്ര്‍ മണ്ഡലത്തിലാണ് ശര്‍മിള മത്സരിക്കുക. താൻ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നു പാര്‍ട്ടിയില്‍നിന്നു സമ്മര്‍ദമുണ്ടെന്നും ഭര്‍ത്താവ് അനില്‍കുമാറും അമ്മവിജയമ്മയും സ്ഥാനാര്‍ഥികളാകണമെന്നാണ് അണികളുടെ ആവശ്യമെന്നും ശര്‍മിള കൂട്ടിച്ചേര്‍ത്തു.കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ശര്‍മിളയെ കോണ്‍ഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത്. സോണിയഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുമായി ശര്‍മിള കൂടിക്കാഴ്ച നടത്തിയിരുന്നു. ലയനം അല്ലെങ്കില്‍ സഖ്യം എന്നതു സംബന്ധിച്ച്‌ ഒക്‌ടോബര്‍ ഒന്നിനകം തീരുമാനമുണ്ട‌ാകണമെന്നു ശര്‍മിള കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്പാകെ ഉപാധി വച്ചിരുന്നു. ഇതു നടപ്പാകാത്തതാണ് ഒറ്റയ്ക്കു പോരാടാൻ ശര്‍മിളയെ പ്രേരിപ്പിച്ചത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്. രാജശേഖര്‍ റെഡ്ഢിയുടെ മകളും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ സഹോദരിയുമാണു ശര്‍മിള. 2019ല്‍ സഹോദരനുവേണ്ടി ശര്‍മിള പ്രചാരണത്തിനിറങ്ങിയിരുന്നു. ശര്‍മിള ആന്ധ്രയില്‍ പ്രവര്‍ത്തിച്ച്‌ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെന്നായിരുന്നു തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.എന്നാല്‍, സഹോദരനെതിരേ പ്രവര്‍ത്തിക്കാൻ ശര്‍മിള ഒരുക്കമല്ലായിരുന്നു. ശര്‍മിള കോണ്‍ഗ്രസിലെത്തുന്നതില്‍ തെലുങ്കാന പിസിസി അധ്യക്ഷൻ എ. രേവന്ത് റെഡ്ഢി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.