കർണാടകയിൽ ബിജെപി ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക് ;ശക്തി തെളിയിച്ച് ഡി കെ.

ബംഗളൂരു: 40ഓളം ബിജെപി, ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.ബിജെപി സഖ്യത്തില്‍ ചേരാനുള്ള ജെഡിഎസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. നേതാക്കളുടെ അപേക്ഷ പാര്‍ട്ടി നേതൃത്വം പരിശോധിക്കുകയാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അന്തിമ തീരുമാനം സ്വീകരിക്കൂയെന്നും ഡികെ പറഞ്ഞു.

‘ഈ വിവരം വെളിപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കര്‍ണാടകയുടെ വടക്ക് ബിദാര്‍ മുതല്‍ ചാമരാജ്‌നഗര്‍ വരെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച നേതാക്കള്‍.’ സഖ്യത്തില്‍ എതിര്‍പ്പ് അറിയിച്ചാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചതെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയാല്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍


ശക്തിപ്പെടുമെന്നും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിയിലെ 100ഓളം നേതാക്കളും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.