തെലുങ്കാന: കോണ്‍ഗ്രസ് വിജയപ്രതീക്ഷയര്‍പ്പിക്കുന്ന തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തി.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ വിജയഭേരി യാത്ര എന്നു പേരിട്ട ബസ് യാത്രയടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് സ്റ്റേറ്റ് കോൺഗ്രസ് ആസൂത്രണംചെയ്തത്.
ബുധനാഴ്ച ഉച്ചക്കുശേഷം ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് ഇരുവരും ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലെത്തിയത്. മുളുഗുവിലേക്ക് ഹെലികോപ്ടറിലാണ് വന്നത്. മുളുഗുവിലെ ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തില്‍ രാഹുലും പ്രിയങ്കയും ദര്‍ശനം നടത്തി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇരുവരും പൂജിച്ചു.
യുനസ്കോയുടെ പൈതൃകപട്ടികയിലുള്ള രാമപ്പ ക്ഷേത്രത്തിലെ അധികാരികള്‍ ഇരുവരെയും സ്വീകരിച്ചു. ‘വിജയഭേരി യാത്ര’ക്കു തുടക്കമിട്ട രാഹുല്‍മുളുഗുവില്‍ പൊതുയോഗത്തില്‍ സംസാരിച്ചു. ബി.ആര്‍.എസും ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഒരുമിച്ച് ശ്രമിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ബി.ആര്‍.എസിന് വോട്ട് ചെയ്താല്‍ അത് ബി.ജെ.പിക്ക് ചെയ്യുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക രാത്രിയോടെ തിരിച്ചുപോയി. ഭൂപാല്‍പള്ളി വരെ 30 കിലോമീറ്ററാണ് ആദ്യദിനത്തിലെ ബസ് യാത്ര.
മൂന്നു ദിവസത്തെ രാഹുലിന്റെ പര്യടനത്തില്‍ എട്ടു നിയോജക മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച ഖനി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. കരീംനഗറിലടക്കം പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

