കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍(CUSAT) തിക്കിലും തിരക്കിലും(Stampede) വന്‍ ദുരന്തം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് പേര്‍ പെണ്‍കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ് മരിച്ചത്. 46 പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. ടെക് ഫെസ്റ്റിന്റെ(Tech fest) ഭാഗമായി നടന്ന ഗാനമേളക്കിടെ മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന് നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും എറണാകുളം ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് 46 വിദ്യാര്‍ഥികളെയാണ് എത്തിച്ചിരിക്കുന്നത്.
സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങ് ആണ് കുസാറ്റില്‍ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വച്ച് മറച്ച വേദിയിലേക്ക് ഒരേയൊരു പ്രവേശന മാര്‍ഗം മാത്രമാണ് ഉണ്ടായിരുന്നത്. ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്ത കുട്ടികള്‍ അപ്രതീക്ഷിതമായി അപകടത്തില്‍പ്പെടുകയായിരുന്നു. സ്റ്റെപ്പുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പരിപാടി ആസ്വദിച്ചിരുന്നത്. താഴെ വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റും മറ്റുമാണ് പരിക്കേറ്റത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മറ്റു കോളേജുകളിലെ വിദ്യാര്‍ഥികളും പരിപാടിക്കെത്തിയെന്നാണ് വിവരം.
ദുരന്ത പശ്ചാത്തലത്തിൽ ആശുപത്രികളിൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. മതിയായ കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകി. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ഡ്രിഫ്റ്റ്, ഇതരസംസ്ഥാന വിദ്യാര്‍ഥിയായ ജിതേന്ദ്ര ദാമു, കോഴിക്കോട് താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരാണ് മരിച്ചത്.

