പാർലമെൻറ് അക്രമ കേസിൽ മൗനം വെടിഞ്ഞ് മോദി .

ഡൽഹി:പാര്‍ലമെന്‍റ് അതിക്രമം അതീവ ഗൗരവതരമാണ്.സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് മോദി പ്രതികരിച്ചു.

ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്‌ട്രീയ തര്‍ക്കത്തിനുള്ള സമയമല്ലിത്. വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച്‌ നിന്ന് വേണം ഈ വിഷയത്തെ നേരിടാനെന്ന് മോദി വ്യക്തമാക്കി.

പ്രതികളുടെ ഉദ്ദേശ്യം എന്താണെന്നും അക്രമത്തിന് പിന്നിലെ വിവിധ ഘടകങ്ങള്‍ എന്താണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും വേണം.അന്വേഷണ ഏജന്‍സികളും സ്പീക്കറും തികഞ്ഞ ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടിട്ടുള്ളത്. അന്വേഷണത്തിന് രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാകും. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാവീഴ്ച സംബന്ധിച്ച്‌ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്താത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പ്രതികരണം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഇരുസഭകളിലുമായി 15 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം പാർലമെൻറ് ആക്രമണത്തിന്റെ വീഡിയോ സുഹൃത്തുമായി പങ്കുവെച്ചിരുന്നതായി വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ സൗരവ് ചക്രവര്‍ത്തിക്കാണ് ഫേസ്ബുക്കിലൂടെ ലളിത് വീഡിയോ അയച്ചത്. ‘ജയ് ഹിന്ദ്’ എന്ന് പറയുന്നതിന് മുമ്പ് തന്നെ വീഡിയോ പ്രചരിപ്പിക്കാന്‍ സൗരവ് ചക്രവര്‍ത്തിയോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. മെയ് 14 മുതല്‍ തനിക്ക് ലളിത് ഝായെ അറിയാമെന്നും ഫേസ്ബുക്കിലൂടെയാണ് കണ്ടുമുട്ടിയതെന്നും സൗരവ് ഇന്ത്യ ടുഡേ ടിവിയോട് വെളിപ്പെടുത്തി. എന്നാല്‍, ഝായുടെ പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് കണ്ടുമുട്ടിയത്. സോഷ്യല്‍ മീഡിയയിലെ എന്റെ പോസ്റ്റുകള്‍ക്ക് അദ്ദേഹം ലൈക്കും കമന്റും ചെയ്യാറുണ്ടായിരുന്നു. എന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലും അദ്ദേഹം പിന്തുണയറിയിച്ചിരുന്നു. മെയ് 14 മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം, പക്ഷേ അദ്ദേഹം എന്നോട് ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല,’ സൗരവ് പറഞ്ഞു.

എന്നാല്‍ ‘1947 ന് മുമ്പ്’ അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ താന്‍ പിന്തുണയ്ക്കുമായിരുന്നുവെന്നും അത് ഇപ്പോള്‍ ആവശ്യമില്ലെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു. ‘ലളിത് ഝാ സാമൂഹിക നീതിയെയും ക്ഷേമത്തെയും കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അത്തരമൊരു പദ്ധതിയെക്കുറിച്ച് അദ്ദേഹം എന്നോട് പറയുകയോ സൂചനകള്‍ നല്‍കുകയോ ചെയ്തിട്ടില്ല. കൊല്‍ക്കത്തയിലെ രണ്ട് റാലികളില്‍ വെച്ചാണ് താന്‍ ഝായെ കണ്ടത്. ഒരിക്കല്‍ ഒരു റാലിക്കായി ഉത്തര്‍പ്രദേശില്‍ തങ്ങാനുള്ള ക്രമീകരണങ്ങള്‍ ലളിത് ഏര്‍പ്പെടുത്തിയിരുന്നു’, സൗരവ് വിശദീകരിച്ചു. ലളിത് ഝാ സഹായമനസ്‌കനായ വ്യക്തിയാണെന്നും സൗരവ് പറഞ്ഞു.