ശ്രീനഗർ:ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം അഞ്ചായി. ആയുധധാരികളായ ഭീകരർ നടത്തിയ ഒളിയാക്രമണത്തിൽഅഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടും വളവുള്ള ധാത്യാർ മോർ പ്രദേശത്ത് വച്ച് സൈനിക വാഹനങ്ങൾ വേഗത കുറച്ചപ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
കൊടും വളവുകളും കുണ്ടുംകുഴിയുമുള്ള റോഡും കാരണം സൈനിക വാഹനങ്ങൾ വേഗത കുറച്ച് പോകുന്ന പൂഞ്ച് ജില്ലയിലെ ധാത്യാർ മോർഹ് പ്രദേശമാണ് ആക്രമണത്തിനായി ഭീകരർ തിരഞ്ഞെടുത്തത്. ഇതിനായി ധേര കി ഗലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർ എന്ന കുന്നിൻ മുകളിലാണ് ഭീകരർ നിലയുറപ്പിച്ചത്. അവിടെ നിന്നാണ് സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തതെന്നും വൃത്തങ്ങൾ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.
ഒരു ട്രക്കും ഒരു മാരുതി ജിപ്‌സിയുമാണ് ആക്രമിക്കപ്പെട്ട വാഹനങ്ങൾ. മൂന്നോ നാലോ ഭീകരർ പതിയിരുന്നുള്ള ആക്രമണത്തിൽ പങ്കെടുത്തതായി കരുതുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിനെതിരെ സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും ഭീകരർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹാർഡ് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി ഒരു പ്രതിരോധ വിഭാഗം പിആർഒ പിടിഐയോട് പറഞ്ഞു.

