ന്യൂഡൽഹി :ബീഹാര്‍ മുഖ്യമന്ത്രിയായി ഒമ്ബതാം തവണ നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍.ഒമ്ബതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്‌എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ നടക്കുന്ന പട്‌നയിലെത്തി.നിതീഷ് കുമാറിനായുള്ള വാതില്‍ എന്നന്നേക്കുമായി അടച്ചുവെന്നാണ് കഴിഞ്ഞവർഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എൻ.ഡി.എ.യിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് നല്ലതെന്ന് അതേവർഷം തന്നെ നിതീഷും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു വർഷത്തിനിപ്പുറം എൻഡിഎ ചേരിയിലേക്ക് യാതൊരു മടിയുമില്ലാതെ കടന്നു ചെന്നിരിക്കുകയാണ് നിതീഷ് കുമാർ. ഇത്തവണയും മുഖ്യമന്ത്രി കസേര കൈവിടില്ലെന്ന ഉറപ്പ് വാങ്ങിയാണ് മടക്കം.1994ല്‍ പാർട്ടി രൂപീകരിച്ചതുമുതല്‍ ഇതുവരെ ഒൻപത് തവണയാണ് നിതീഷ് പാർട്ടിയും മുന്നണിയും മാറിയത്. 1994ല്‍ ലാലുപ്രസാദ് യാദവുമായി ഉടക്കി സമതാപാർട്ടി രൂപീകരിച്ചാണ് തുടക്കം. 1996ല്‍ എൻഡിഎ കൂട്ടുകെട്ടിലൂടെ വാജ്പേയി സർക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. പിന്നീട് 2000ല്‍ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി. 2003ല്‍ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാർട്ടി ലയിച്ചു. പിന്നീട് 2010ല്‍ എൻഡിഎക്കൊപ്പം നിന്ന് മുഖ്യമന്ത്രിയായി. പിന്നീട് നാല് തവണകൂടി മുന്നണി മാറി. എന്നാല്‍ മുഖ്യമന്ത്രി കസേര ഉറപ്പിച്ചായിരുന്നു ഓരോ തവണയും മുന്നണി മാറിയത്.ബിഹാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വക്കുന്നത്. ഏത് സാഹചര്യത്തിലും അധികാര കസേര കൈവിടാതെ കാക്കുന്ന നിതീഷിന്റെ പൊളിറ്റക്കല്‍ എഞ്ചിനീയറിംഗ് ദേശീയ രാഷ്ട്രീയത്തില്‍തന്നെ വേറിട്ട കാഴ്ചയാണ്. 1974 ല്‍ സോഷ്യലിസ്റ്റ് ആചാര്യനായ ജയപ്രകാശ് നാരായണില്‍നിന്നും രാഷ്ട്രീയം തുടങ്ങിയ നിതീഷ് കുമാര്‍ 1985ലാണ് ആദ്യമായി എംഎല്‍എയായത്.
നിതീഷിൻ്റെ ട്രപ്പീസ് തുടരുന്നു; ഇന്ത്യ മുന്നണിയെ തകർത്ത് ബിജെപി.

