ഗവർണർക്ക് ഇനി കേന്ദ്രസുരക്ഷ .

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി മുതല്‍ കേന്ദ്രസുരക്ഷ.ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിൻ്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.ഇനി കേരള പൊലീസ് സുരക്ഷ ഇല്ല.പകരം ശനിയാഴ്ച മുതല്‍ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കും.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ കൊല്ലം നിലമേലില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു.എസ്.എഫ്.ഐ പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്ന് ഗവർണർ ആരോപിച്ചു.പ്രതിഷേധക്കാര്‍ എന്ന പേരില്‍ തന്നെ ആക്രമിച്ചവര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരല്ലെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂലിക്കാരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത്എഫ്‌ഐആർ രേഖകള്‍ കാണിച്ച ശേഷമായിരുന്നു പ്രതിഷേധം അവസാനിപ്പിച്ച്‌ മടങ്ങിയത്.ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.സുരക്ഷാ സംവിധാനത്തില്‍ സിആര്‍പിഎഫ് കമാൻഡോകള്‍ക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടുo. 24 മണിക്കൂറും ആഴ്ചയിലെ ഏഴ് ദിവസവും സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നല്‍കും. സുരക്ഷാ സംവിധാനത്തില്‍ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉള്‍പ്പെടും.സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച്‌ എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്.