ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളര്‍ത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയതായി അമിത് ഷാ എക്‌സില്‍ കുറിച്ചു.രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.സെപ്റ്റംബര്‍ 11 ആക്രമണത്തെത്തുടര്‍ന്ന് 2001ലാണ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. പിന്നീട് കാലാകാലങ്ങളില്‍ നിരോധനം നീട്ടി. ഏറ്റവുമൊടുവില്‍, 2019 ജനുവരി 31ന്അഞ്ച് വര്‍ഷത്തേക്ക് കൂടി നിരോധനം നീട്ടി. യുഎപിഎ പ്രകാരമായിരുന്നു നടപടി. സിമി പ്രവര്‍ത്തകരുടെ പങ്കാളിത്തം ആരോപിക്കുന്ന 58ഓളം കേസുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തിയിരുന്നു. 2014ലെ ഭോപ്പാലിലെ ജയില്‍ തകര്‍ക്കല്‍, 2014ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 2017ല്‍ ബോധ്ഗയയിലുമുണ്ടായ ആക്രമണങ്ങളും ഉള്‍പ്പെടുന്നതായിരുന്നു കേന്ദ്രത്തിന്റെ പട്ടിക. ഇതെല്ലാം കണക്കിലെടുത്തായിരുന്നു സിമിയെ അഞ്ച് വര്‍ഷത്തേക്ക് കൂടി നിരോധിച്ചത്. 2019 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്ത ഗുപ്ത ഉള്‍പ്പെട്ട യുഎപിഎ ട്രിബ്യൂണല്‍ 2019 ജനുവരിയിലെ നിരോധനം ശരിവെക്കുകയും ചെയ്തു.ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതും ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനം ചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾ.1977 ലാണ് സിമിയുടെ രൂപവത്കരണം നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അലിഗർ യൂണിവേഴ്സിറ്റിയിൽ ഒത്തുചേർന്ന വിദ്യാർത്ഥികളാണ് സിമി രൂപവത്കരിച്ചത്. 1940-കളിൽ തന്നെ ഇസ്‌ലാമിക വിദ്യാർത്ഥി കൂട്ടായ്‌മ രൂപവത്കരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും, വിഭജനകാലത്തെ സംഘർഷഭരിതമായ രാഷ്‌ട്രീയ പാശ്ചാത്തലത്തിൽ അതിനായില്ല. വിഭജനാനന്തരം ഇസ്ലാമിക വിപ്ലവം ലക്ഷ്യമായി കണ്ട നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ നാമധേയത്തിൽ നിലവിൽ വന്നു. എസ്.ഐ.യു., എസ്.ഐ.സി., എം.എസ്.എ., എം.എസ്.വൈ.ഒ., ഐ.എസ്.എൽ., ഹൽഖയെ ത്വയ്യിബയെ ഇസ്‌ലാമി തുടങ്ങിയവ അവയിൽ ചിലതാണ്. 1975 ലെ അടിയന്തരാവസ്ഥ കാലത്താണ് വേറിട്ട് നിൽക്കുന്നമുസ്ലിം വിദ്യാർത്ഥി സംഘങ്ങളെ ഒരുമിച്ച് അണിനിരത്തി സമാന്തരമായ ഇസ്ലാമിക മുന്നേറ്റത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. റാവു ഇർഫാൻ, പ്രൊഫ. അഹ് മദുല്ലാഹ് സ്വിദ്ദീഖി തുടങ്ങിയവർ അടിയന്തരാവസ്ഥ കാലത്ത് അത്തരം കൂട്ടായ്മക്ക് വേണ്ടി ശ്രമിച്ചിരുന്നു. ഡോ. അഹ്മദുല്ലാഹ് സിദ്ദീഖിയായിരുന്നു സിമിയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്.മലയാളത്തിൽ ‘വിവേകം’ സിമിയുടെ മുഖപത്രമായിരുന്നു.ഇസ്ലാമിക് മൂവ്മെൻറ് എന്ന പേരിൽ ഇംഗ്ലീഷിലും,ഹിന്ദിയിലും, ഉറുദുവിലും മാസിക ഇറങ്ങിയിരുന്നു. തഹരിക് , എന്ന പേരിൽ ഹിന്ദിയിലും ഗുജറാത്തിലും , ‘സേതിമെഡൽ‘ എന്ന പേരിൽ തമിഴിലും, ‘രൂപാന്തർ’ എന്ന പേരിൽ ബംഗാളിയിലും മുഖപത്രങ്ങളുണ്ടായിരുന്നു. ‘ഹിന്ദുസ്ഥാൻ പബ്ലിക്കേഷൻസ്’ എന്ന പേരിൽ മലയാളം ഉറുദു ഹിന്ദി ഇംഗ്ലീഷ് ബംഗാളി തമിഴ് ഭാഷകളിൽ പുസ്തക പ്രസിദ്ധീകരണ ശാലയും ഉണ്ടായിരുന്നു.
സിമിയുടെ നിരോധനം നീട്ടി.

