രഞ്ജിത്ത് ശ്രീനിവാസ് കൊലക്കേസ് :മുഴുവൻ പ്രതികൾക്കും വധശിക്ഷ.

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കറ്റ് രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികൾക്കും വധശിക്ഷ. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിൻ്റെ വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പൊലീസ് കനത്ത ജാഗ്രയിലുമാണ്. നിയമ വിദഗ്ധർ പറയുന്നത് ശിക്ഷാവിധി അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ്. പ്രതികളെല്ലാം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ്. പ്രതികൾ ഒരു വിധത്തിലുള്ള ദാക്ഷണ്യവും അർഹിക്കുന്നില്ലെന്ന് കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കിയിരുന്നു. 2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. അതേസമയം, കേസിലെ പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു.സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ മണ്ണഞ്ചേരിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിൻ്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഈ കൊലപാതകവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത രഞ്ജീത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് മനഃസാക്ഷിയില്ലാത്ത പ്രവർത്തിയാണെന്നാണ് കോടതി വിലയിരുത്തിയത്. കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇറക്കാട്ട് മുഹമ്മദ് അസ്‌ലം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൾ കലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൾ കലാം (ദാറുസലാം) ഉമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശേരി ചിറയിൽ ജസീബ് രാജ, കോമളപുരം തയ്യിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണർകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലയ്ക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷെർണാസ് അഷറഫ് കേസിലെ മറ്റ് പ്രതികൾ. തങ്ങൾക്കുണ്ടായ നഷ്ടം വലുതാണെങ്കിലും പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട അഡ്വ.രഞ്ജിത്ത് ശ്രീനിവാസിൻ്റെ ഭാര്യ പറഞ്ഞു. കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് രഞ്ജിത്തിൻ്റെ ഭാര്യ പറഞ്ഞു.അത്യപൂർവമായ കേസ് തന്നെയാണിത്. അതുകൊണ്ട് തന്നെ കോടതി വിധിയിൽ കുടുംബം തൃപ്തികരമാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ഡിവൈഎസ്പി ജയരാജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് നന്ദി അറിയിക്കുന്നു. പ്രോസിക്യൂട്ടറോടും വളരെ നന്ദിയുണ്ട്. അദ്ദേഹത്തോട് നന്ദി പറഞ്ഞാൽ തീരില്ല. അതിക്രൂരമായ കൊലപാതകമാണ് നടത്തിയത്-രഞ്ജിത്തിൻ്റെ ഭാര്യ പറഞ്ഞു.