ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി  ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു.

റാഞ്ചി :ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്.ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഇദ്ദേഹം, ജെഎംഎം സംസ്ഥാന വൈസ് പ്രസിഡന്റ്. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ്  ചമ്പൈ സോറനോട് ​ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. 43 എംഎൽഎമാർ തങ്ങളുടെ പിന്തുണയിലുണ്ടെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് പറഞ്ഞിരുന്നു.

അതിനിടെ ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരി​ഗണിക്കാൻ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാത്തതെന്നും ബെഞ്ച് ചോദിച്ചു. “കോടതികൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഹൈക്കോടതികൾ ഭരണഘടനാ കോടതികളാണ്. ഒരാളെ അനുവദിച്ചാൽ എല്ലാവരെയും അനുവദിക്കണം,” സുപ്രീം കോടതി നിരീക്ഷിച്ചു. 

അന്വേഷണ ഏജൻസി പുറപ്പെടുവിച്ച സമൻസുകൾ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിക്ക് വിവേചനാധികാരമുണ്ടെന്നും അത്  പ്രയോഗിക്കേണ്ട ഒരു കേസാണിതെന്നും വാദത്തിനിടെ സോറന്റെ അഭിഭാഷകൻ സിബൽ പറഞ്ഞു. “അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി വ്യക്തമാണ്, നിങ്ങൾ അതിൽ ഭേദഗതി ആവശ്യപ്പെടുന്നു. അതിനാൽ, ഹൈക്കോടതിയെ സമീപിക്കുക” മറുപടിയായി ജസ്റ്റിസ് ഖന്ന പറഞ്ഞു. 

ജാര്‍ഖണ്ഡ് എംഎല്‍എമാര്‍ വീണ്ടും ഹൈദരാബാദിലേക്ക് പോകുമെന്നാണ് വിവരം. എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയുള്‍പ്പടെ 3 പേര്‍ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ നിലവില്‍ ബിജെപിക്ക് സ്വാധീനം കുറവായതിനാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഒരു പരിധിവരെ തടയാനാവുമെന്ന കണക്കുകൂട്ടലാണ് സംസ്ഥാനത്തെ നേതാക്കള്‍ക്കുള്ളത്.ജാർഖണ്ഡ് സർക്കാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിനയ് കുമാർ ചൗബെയെ പുതിയ മുഖ്യമന്ത്രി ചമ്പായി സോറൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി വീണ്ടും നിയമിച്ചു.