ഇസ്ലാല്മാബാദ് :പാക്കിസ്ഥാനിലെ ലഷ്‌കറെ ത്വയ്ബ ഭീകരൻ ഖാലിദ് സെയ്ഫുള്ളയെ അജ്ഞാതർ ആക്രമിച്ചു. ആക്രമണത്തിൽ സൈഫുള്ളയ്ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം. പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഖാലിദ് ഏറെ നാളായി പാക്കിസ്ഥാനിൽ ലഷ്‌കറെ ത്വയ്ബയ്‌ക്ക് പിന്തുണയും ധനസമാഹരണവും നടത്തിവരികയായിരുന്നു. ലഷ്‌കർനേതാവ് ഹാഫിസ് സയീദിന്റെ സ്‌പെഷ്യൽ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഖാലിസ് സൈഫുള്ളയെ ആരാണ് ആക്രമിച്ചതെന്നും എന്തിനാണ് ആക്രമിച്ചതെന്നും ഇതുവരെ അറിവായിട്ടില്ല.ഖാലിദ് സെയ്ഫുള്ള ലഷ്‌കറെ ത്വയ്ബ പാകിസ്ഥാൻറെ സജീവ പ്രവർത്തകനാണ്. ലഷ്‌കറെ ത്വയ്ബയുടെ കമാൻഡറായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ സ്ഥിതി ചെയ്യുന്ന അലഹബാദിലെ താമസക്കാരനാണ് ഖാലിദ് സെയ്ഫുള്ള. ഖാലിദ് സെയ്ഫുള്ളയ്‌ക്കെതിരായ ആക്രമണം തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) മുൻ കമാൻഡർ എഹ്‌സാനുള്ള എഹ്‌സാനും സ്ഥിരീകരിച്ചു. സെയ്ഫുള്ളയുടെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച് അദ്ദേഹം ഒരു വിവരവുംനൽകിയിട്ടില്ല.കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിരവധി ഭീകരർ പാക്കിസ്ഥാനിൽ ആക്രമണത്തിനിരയായി. ഈ വർഷം മേയിൽ ഭീകര സംഘടനയായ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സിന്റെ തലവൻ പരംജിത് സിംഗ് പഞ്ച്വാദ് ലാഹോറിൽ കൊല്ലപ്പെട്ടിരുന്നു. അജ്ഞാതരായ അക്രമികൾ പഞ്ച്‌വാദിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. നേരത്തെ ഹിസ്ബുൾമുജാഹിദ്ദീന്റെ കമാൻഡർ ബഷീർ മിർ എന്ന ഇംതിയാസ് ആലം, ജയ്ഷെ മുഹമ്മദിന്റെ ഭീകരൻ സഹൂർ മിസ്ത്രി എന്നിവരും വെടിയേറ്റ് മരിച്ചിരുന്നു. ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യൻ വിരുദ്ധ ഭീകരവേട്ട തുടരുന്നു ; ഇത്തവണത്തെ ലക്ഷ്യം പാളി.

