തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മന്ത്രി എ സി മൊയ്‌തീനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് . കോടികളുടെ ബിനാമി ലോണുകള്‍ക്കായി എ സി മൊയ്‌തീൻ എംഎല്‍എ . പാവങ്ങളുടെ ഭൂമി പണയപ്പെടുത്തുകയും ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും വായ്‌പകള്‍ അനുവദിച്ചതായും കണ്ടെത്തി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം 22/08/2023 ന് കേരളത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയതായും ഇഡി വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ പൊതുപണം തട്ടിയെടുക്കുക, ഒരേ വ്യക്‌തിക്ക് ഒരേ വസ്‌തുവിന്‍റെ പണയത്തില്‍ ഒന്നിലധികം വായ്‌പകള്‍ അനുവദിക്കുക തുടങ്ങി കേരള പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിര്‍ദേശപ്രകാരം, ബാങ്ക് മാനേജര്‍ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികള്‍ക്ക് സ്വത്തുക്കള്‍ പണയപ്പെടുത്തി വായ്‌പ നല്‍കിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകള്‍ അവരുടെ അറിവില്ലാതെ കുറ്റാരോപിതര്‍ക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കി. മുൻമന്ത്രിയും എംഎല്‍എയുമായ എ സി മൊയ്‌തീന്‍റെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
കിരണ്‍ പി പി, റഹീം സി എം, ഷിജു എം കെ, എ സി മൊയ്‌തീൻ, സതീഷ്‌കുമാര്‍ പി എന്നിവരുട വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ച് രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ബാങ്ക് നിക്ഷേപങ്ങളും എഫ്‌ഡികളും മരവിപ്പിച്ചു. എ സി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്

